Sorry, you need to enable JavaScript to visit this website.

ത്രിപുരയില്‍ പ്രതിമ തകര്‍ത്തില്ല; വിചത്ര വാദവുമായി ബി.ജെ.പി 

അഗര്‍ത്തല- ത്രിപുരയില്‍ ആരും ലെനിന്റെ പ്രതിമ തകര്‍ത്തിട്ടില്ലെന്ന വിചിത്ര വാദവുമായി ബി.ജെ.പി. ത്രിപുരയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തത്. ബെലോണിയയിലായിരുന്നു ആദ്യസംഭവം. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇവിടെ പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതുമാണ്. അടുത്ത ദിവസം സബ്‌റൂമിലും ലെനിന്റെ പ്രതിമ തകര്‍ത്തു.
ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവാണ് ഇപ്പോള്‍ ത്രിപുരയില്‍ ആരും പ്രതിമ തകര്‍ത്തിട്ടില്ലെന്ന വാദവുമായി രംഗത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസം ഉപേക്ഷിച്ചവര്‍, അവര്‍ നേരത്തെ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമയാകുന്ന സ്വകാര്യ സ്വത്ത് സ്വയം നീക്കിയെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 
പ്രതിമ തകര്‍ത്തയുടന്‍ അതിനെ ന്യായീകരിച്ച് ട്വീറ്റ ചെയ്ത ഇദ്ദേഹം പിന്നീടതു പിന്‍വലിച്ചിരുന്നു. 
ത്രിപുരയില്‍ നടന്ന അക്രമവും പ്രതിമ തകര്‍ക്കലും ബി.ജെ.പിക്ക് പൊല്ലാപ്പായി മാറിയതിനു പിന്നാലെയാണ് ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണവുമായി രാം മാധവ് രംഗത്തുവന്നിരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശില്‍പികളിലൊരാളാണ് രാം മാധവ്. ത്രിപുരയില്‍ പ്രതിമ തകര്‍ത്തതിനെ വിമര്‍ശിച്ച പശ്ചിമ ബംഗാള്‍ മുഖ്യന്ത്രി മമതാ ബാനര്‍ജിക്ക് മറുപടി നല്‍കിയിട്ടുമുണ്ട് അദ്ദേഹം. മമത സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കിയാല്‍ മതിയെന്നും രാജ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നുമാണ് മറുപടി. 
ത്രിപരയില്‍ ഒറ്റ പ്രതിമയും തകര്‍ത്തിട്ടില്ല. ഇതെല്ലാം അഭ്യൂഹങ്ങളാണ്. ലെനിന്റെ പ്രതിമ ഒരു സ്വകാര്യ സ്വത്തായിരുന്നു. പ്രതിമ സ്ഥാപിച്ചവര്‍ തന്നെയാണ് അതു നീക്കിയത്. പ്രതിമ തകര്‍ക്കല്‍ ഉണ്ടായിട്ടില്ല. നശീകരണം വെസ്റ്റ് ബംഗാളിലാണ് നടക്കുന്നത്. മമതാ ബാനര്‍ജി ആദ്യം ആശങ്കപ്പെടേണ്ടത് അവരുടെ സംസ്ഥാനത്തെ കുറിച്ചാണ്. അതിനുശേഷം അവര്‍ക്ക് വേണമെങ്കില്‍ രാജ്യത്തെകുറിച്ച് ചിന്തിക്കാം- രാം മാധവ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. 
ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടയുടന്‍ അതിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത രാം മാധവ് റഷ്യയിലല്ല, ത്രിപുരയിലാണ് ജനങ്ങള്‍ ലെനിന്‍ പ്രതിമയെ താഴെയിടുന്നതെന്നാണ് ന്യായീകരിച്ചിരുന്നത്. മാറ്റം വരട്ടെ എന്നു കൂടി ട്വീറ്റ് ചെയ്തിരുന്ന അദ്ദേഹം പിന്നീട് വിമര്‍ശത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു.
എന്നാല്‍ സ്വകാര്യ സ്വത്താണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും രാംമാധാവ് രംഗത്തുവന്നു. ഇതു കാരണമാണ് സി.പി.എം പോലും പരാതി നല്‍കാത്തത്. കമ്മ്യൂണിസം ഉപേക്ഷിച്ചതോടെ, അത് സ്ഥാപിച്ചവര്‍ തന്നെ നീക്കാനും തീരുമാനിച്ചുവെന്നാണ് രാം മാധവിന്റെ പുതിയ വാദം. 
അതേസമയം, ത്രിപുരയിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാപിച്ചതാണ് ഈ പ്രതിമ. സര്‍ക്കാരാണ് പണം നല്‍കിയത്. മുനിസിപ്പല്‍ കൗണ്‍സില്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസെടുത്തിട്ടുമുണ്ട്- സൗത്ത് ത്രിപുര കലക്ടര്‍ സി.കെ. ജമാതിയ പറഞ്ഞു. 

Latest News