ന്യൂദല്‍ഹി- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ 80-20 പരാമര്‍ശത്തെ ഹിന്ദു-മുസ്‌ലിം കണ്ണിലൂടെ കാണരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മത്സരം യഥാര്‍ഥത്തില്‍ 80 ഉം 20 തമ്മിലാണെന്ന യോഗിയുടെ പ്രസ്താവനയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
യു.പി മുഖ്യമന്ത്രി ഏത് പശ്ചാത്തലത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ല. എന്നാല്‍ അതിനെ ഹിന്ദു-മുസ്്‌ലിം പ്രശ്‌നമാക്കി ആ കണ്ണിലൂടെ കാണരുതെന്ന് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടെ ജനപ്രിയതയും പ്രതിപക്ഷത്തെയുമാകാം യോഗി ഉദ്ദേശിച്ചത്. അതുകൊണ്ടു തന്നെ ഹിന്ദു-മുസ്‌ലിം പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരരുത് -അദ്ദേഹം അഭ്യര്‍ഥിച്ചു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. സംസ്ഥാനത്തെ കാറ്റ് വ്യക്തമാണ്. യു.പിയില്‍ യോഗിയുടെ സ്വീകാര്യത വലിയ തോതിലാണ് വര്‍ധിച്ചത്. ഞങ്ങള്‍ ഹിന്ദുക്കളെ മാത്രം സംരക്ഷിക്കുന്ന പാര്‍ട്ടിയല്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും വികസനത്തിനു വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം -അദ്ദേഹം പറഞ്ഞു. യു.പിയില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകാന്‍ ഒരു സാധ്യതയുമില്ല. 2014 ല്‍ അധികാരത്തില്‍ വന്ന മോഡി സര്‍ക്കാരിനെ 2019 ല്‍ വീണ്ടും തെരഞ്ഞെടുത്തു. ഇതേ കാര്യം യു.പിയിലും ആവര്‍ത്തിക്കും. കാര്‍ഷിക നിയമങ്ങള്‍ തങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കര്‍ഷക നേതാക്കള്‍ തെറ്റിദ്ധരിച്ചതാണെന്നും എന്നാല്‍ നിയമങ്ങള്‍ പിന്‍വലിച്ച് അവരുടെ വികാരം കണക്കിലെടുത്ത പ്രധാനമന്ത്രി മോഡിയെ അഭിനന്ദിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.