മാനന്തവാടി- കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭയുടെ (28) മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായി ഊരു സമിതി കൺവീനർ പി.പി. ഷാന്റോലാൽ ആരോപിച്ചു. കേസ് അട്ടിമറി നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതെന്നു പോരാട്ടം സംസ്ഥാന കൺവീനറുമായ ഷാന്റോലാൽ കുറ്റപ്പെടുത്തി.
2020 ഫെബ്രുവരി മൂന്നിനു പുലർച്ചെ കളപ്പുര കോളനിക്കു സമീപം വയലിലാണ് ശോഭയെ മരിച്ചനിലയിൽ കണ്ടെത്തിയത്. വയലിലെ വൈദ്യുത വേലിയിൽനിന്നു ഷോക്കേറ്റതാണ് ശോഭയുടെ മരണത്തിനു കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ. ശോഭ മദ്യം കഴിച്ചിരുന്നതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ശാഭ കൊല്ലപ്പെടുകയായിരുന്നുവെന്നതിനു സൂചനകൾ ഉണ്ടായിട്ടും അപകടമരണമായി ചിത്രീകരിക്കാനാണ് ലോക്കൽ പോലീസ് ശ്രമിച്ചത്. ഈ സാഹചര്യത്തിൽ ശോഭയുടെ മാതാവ് അമ്മിണി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെത്തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. അസ്വാഭാവിക മരണത്തിനു മാത്രം കേസെടുക്കുകയും തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയും ചെയ്ത ലോക്കൽ പോലീസിന്റെയും ആദിവാസികളുമായി ബന്ധപ്പെട്ട കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഓഫീസിന്റെയും താൽപര്യങ്ങൾ മറികടന്നാണ് കേസ് ക്രൈംബ്രാഞ്ചിന്റെ കൈകളിലെത്തിയത്. 2021 സെപ്റ്റംബർ ഒമ്പതു മുതൽ കേസ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ സ്ഥലംമാറ്റിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിൽ ക്ഷുദ്ര താൽപര്യങ്ങളുണ്ടെന്നു സംശയിക്കണം.
മരിച്ചനിലയിൽ കണ്ടതിന്റെ തലേന്നു രാത്രി ഫോൺ വന്നതിനു പിന്നാലെയാണ് ശോഭ വീടിനു പുറത്തുപോയത്. സൗഹൃദത്തിലായിരുന്ന സമീപവാസിയായ യുവാവാണ് ഫോൺ ചെയ്തത്. ശോഭയുടെ മരണവിവരം പിറ്റേന്നു രാവിലെയാണ് കോളനിക്കാർ അറിഞ്ഞത്. പ്രദേശവാസികളിൽ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്. പുലർച്ചെ അഞ്ചോടെ പുല്ലരിയാൻ വയലിൽ പോയപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടതെന്നാണ് ഇദ്ദേഹം പോലീസിനു മൊഴി നൽകിയത്. ശോഭയ്ക്കു വൈദ്യുതാഘാതമേൽക്കാൻ കാരണമായി പറയുന്ന വേലി പോലീസ് എത്തിയപ്പോൾ വയലിൽ ഉണ്ടായിരുന്നില്ല. പോലീസ് എത്തും മുമ്പേ സ്ഥലം ഉടമ വേലി മാറ്റിയിരുന്നു.
ശോഭയെ മദ്യം കുടിപ്പിച്ചു അവശയാക്കിയശേഷം ചുമന്നു വയലിലെത്തിച്ചു വൈദ്യുത വേലിയിൽ കിടത്തി ഷോക്കേൽപ്പിച്ചു കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് കോളനിക്കാർ. രാതി വീട്ടിൽനിന്നുപോയ ശോഭ മരണം സംഭവിക്കുന്നതുവരെ എവിടെയായിരുന്നു, ആർക്കൊപ്പമാണ് മദ്യപിച്ചത് എന്നതിൽ വ്യക്തതയില്ല. ചെളിയുള്ള വയലിലാണ് ശോഭയുടെ മൃതദേഹം ഉണ്ടായിരുന്നത്. ശോഭ സ്വയം നടന്നു വയലിൽ എത്തിയതാണെങ്കിൽ കാലുകളിൽ ചെളി പുരളുമായിരുന്നു. എന്നാൽ ശോഭയുടെ കാലുകളിൽ വയലിലെ ചെളി ഉണ്ടായിരുന്നില്ല.
കോളനിക്കു കുറച്ചകലെ ആളൊഴിഞ്ഞ വീട്ടിൽനിന്നു ഫെബ്രുവരി രണ്ടിനു രാത്രി ബഹളം കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. എന്നാൽ ഈ വീടും പരിസരവും മുദ്ര ചെയ്തു തെളിവുകൾ ശേഖരിക്കാൻ ഉത്തരവാദപ്പെവർ തയാറായില്ല. ഇതേ വീടിന്റെ മുറ്റത്തുനിന്നു നാട്ടുകാർ കണ്ടെടുത്ത് കൈമാറിയ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുതിലും ലോക്കൽ പോലീസ് വീഴ്ച വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശോഭയുടെ അമ്മ ജില്ലാ പോലീസ് മേധവിക്കു പരാതി നൽകിയത്. ശോഭയുടെ മരണത്തിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടക്കണം. ഇതിനു സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഷാന്റോലാൽ ആവശ്യപ്പെട്ടു.