ഷാജഹാന്‍പൂര്‍- 2004ല്‍ യുപി പോലീസ് രണ്ടു യുവാക്കളെ പിടികൂടി വ്യാജ ഏറ്റുമുട്ടലില്‍ കൊന്ന സംഭവത്തില്‍ ജില്ല പോലീസ് മേധാവി ഉള്‍പ്പെടെ 18 പോലീസുകാര്‍ക്കെതിരെ കേസെടുക്കണമന്ന് കോടതി ഉത്തരവിട്ടു. ഷാജഹാന്‍പൂര്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ജലാലാബാദില്‍ കേസെടുത്തതായി ജില്ലാ പോലീസ് മേധാവി എസ് ആനന്ദ് അറിയിച്ചു. ക്രൈംബ്രാഞ്ച് ഈ കേസുകള്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഛാചുപൂര്‍ സ്വദേശികളായ പ്രഹ്‌ളാദ്, ധന്‍പാല്‍ എന്നിവരെ 2004 ഒക്ടോബര്‍ മൂന്നിന് കൊള്ള കുറ്റം ആരോപിച്ച് പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് പോലീസ് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഇജാസ് ഹസന്‍ ഖാന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണെന്ന് പരാതിപ്പെട്ട് പ്രഹ്‌ളാദിന്റെ സഹോദരന്‍ രാം കീര്‍ത്തി നിരവധി കമ്മീഷനുകള്‍ക്കും അധികാരികള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് 2012 നവംബര്‍ 24നാണ് നീതി തേടി ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതി വൈകിപ്പോയെന്ന കാരണം പറഞ്ഞത് ആദ്യം കോടതി ഇതു തള്ളി. പിന്നീട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. കോടതി ഉത്തരവ് പ്രകാരം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് കേസ് അന്വേഷിക്കുകയും സംഭവത്തില്‍ സംശങ്ങള്‍ ഉള്ളതായി കണ്ടെത്തുകയും ചെയ്തു.