ന്യൂദല്‍ഹി- വായു മലിനീകരണ തോത് കുറക്കുന്നതിനായി ദല്‍ഹി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ ഡീസല്‍, പെട്രോള്‍ വാഹനങ്ങളെല്ലാം മാറ്റി പകരം പുതിയ ഇലക്ട്രിക് വാഹനങ്ങല്‍ നിരത്തിലിറക്കി. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമായി ഈയിടെ പൊതുഭരണ വകുപ്പ് 12 ഇലക്ട്രിക് വാനഹങ്ങളാണ് വാങ്ങിയത്. നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ മറ്റു സര്‍ക്കാര്‍ വാഹനങ്ങളും പൊളിക്കാനായി നല്‍കി പകരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ നടന്നു വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്തെ ഉന്നത പരിസ്ഥിതി കോടതിയായ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം പെട്രോള്‍ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും ഡീസല്‍ വാഹനങ്ങള്‍ക്ക് 10 വര്‍ഷവുമാണ് കാലാവധി. ഈ കാലാവധിക്കു ശേഷം ഇവ നിരത്തിലിറക്കാന്‍ പാടില്ല.
ദല്‍ഹി സര്‍ക്കാര്‍ 2020ല്‍ തന്നെ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പല സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്കു പകരം പുതുതായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങി വരുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുതല്‍ ആയതിനാല്‍ ഘട്ടംഘട്ടമായാണ് ഈ മാറ്റം.