കൊല്‍ക്കത്ത- മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായി ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍നിന്ന് പടിയിറങ്ങി. ബുദ്ധദേവിനെ കൂടാതെ മറ്റു 19 നേതാക്കളും കമ്മിറ്റിയില്‍നിന്ന് പുറത്തായി. ഇടതു മുന്നണി അധ്യക്ഷന്‍ ബിമന്‍ ബോസിനെ മാറ്റി നിര്‍ത്തിയാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതിയില്‍ 75 വയസ്സിനു മുകളിലുള്ള ഒരു നേതാവുമില്ല. പ്രായമായ നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കുമിടയില്‍ സന്തുലനം നിലനിര്‍ത്തുന്നതിനാണ് പരിഗണന നല്‍കിയതെന്ന് സംസ്ഥാന സെക്രട്ടറി സുര്‍ജ്യ കാന്ത മിശ്ര പറഞ്ഞു.
സംസ്ഥാന സമിതിയില്‍നിന്നു പുറത്തായെങ്കിലും പ്രത്യേക ക്ഷണിതാവ് എന്ന പദവിയില്‍ പാര്‍ട്ടിയുടെ സംഘാടന രംഗത്ത് ബുദ്ധദേവ് സജീവ സാന്നിധ്യമായിരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ രണ്ടു സെഷനുകളില്‍ അദ്ദേഹം പങ്കെടുത്തു. കമ്മിറ്റിയില്‍ തുടരണമെന്ന ആവശ്യം അദ്ദേഹം നിരസിച്ചതായും സെക്രട്ടറി പറഞ്ഞു. അദ്ദേഹം ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതു മാറ്റില്ല. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടരണമെന്ന് ഞങ്ങള്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ ആരോഗ്യ കാരണങ്ങള്‍ മുന്‍ നിര്‍ത്തി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു- പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.