തിരുവനന്തപുരം- വൈദ്യുതി ബോർഡിനെയും ജീവനക്കാരെയും കുറിച്ച് ചെയർമാൻ ബി. അശോക് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് പിൻവലിച്ചു. ഉന്നയിച്ച വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിച്ചുവെന്നും തിരക്കിൽ തയ്യാറാക്കിയ കുറിപ്പിൽ പിശക് വന്നുവെന്നും ബി. അശോക് പറഞ്ഞു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പുറത്തിറക്കിയത്. അതേസമയം, ഇടതുപക്ഷ സംഘടനകൾ നടത്തി വന്ന അനിശ്ചിതകാല സമരം ചർച്ചയെ തുടർന്നു പിൻവലിച്ചു.
ഓൺലൈനായി നടന്ന ചർച്ചയിൽ ചെയർമാൻ ബി. അശോക് മുന്നോട്ടുവച്ച അഞ്ചു നിർദേശങ്ങൾ അംഗീകൃത തൊഴിലാളി, ഓഫിസർ സംഘടനകളുടെ നേതാക്കൾ അംഗീകരിച്ചു. ഇതനുസരിച്ചു വൈദ്യുതി ഭവനിൽ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്) നിയോഗിക്കുന്നത് ഡേറ്റാ സെന്ററിലും സബ് ലോഡ് ഡെസ്പാച് സെ ന്ററിലുമായി പരിമിതപ്പെടുത്തും. ഡേറ്റാ സെന്ററിന് സമീപം എസ്.ഐ.എസ്.എഫിന് സി.സി ടി.വി കൺട്രോൾ സ്‌ക്രീനും വിശ്രമ മുറിയും അനുവദിക്കും. വൈദ്യുതി ഭവന്റെ കവാടത്തിലും മറ്റും നിലവിലുള്ള രീതിയിൽ സെക്യൂരിറ്റി സംവിധാനം തുടരും. വൈദ്യു തി ഭവന്റെ സുരക്ഷയ്ക്ക് എസ്.ഐ.എസ്.എഫിനെ നിയോഗിച്ചും വൈദ്യുതി ഭവനു മുന്നിലുള്ള സമരം നിരോധിച്ചും ബോർഡ് ഇറക്കിയ ഉത്തരവുകളിൽ ആവശ്യമായ ഭേദഗതി വരുത്തി വീണ്ടും ഇറക്കും. സമരം ചെയ്ത ദിവസങ്ങളിൽ ജീവനക്കാർക്ക് അവധി അനുവദിക്കും. അച്ചടക്ക നടപടി ഉണ്ടാകില്ല.
തൊഴിലാളി യൂണിയനുകളുമായും ഓഫിസർമാരുടെ സംഘടനകളുമായും എല്ലാ മാസ വും കോ ഓർഡിനേഷൻ കമ്മിറ്റി ചർച്ച നടത്തി അവർ ഉന്നയിച്ച മറ്റു പ്രശ്‌നങ്ങൾ പരി ഹരിക്കും. ശമ്പള കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കേസുകൾ എന്നിവ മാനേജ്‌മെ ന്റും യൂണിയനുകളുമായി ചർച്ചചെയ്തു തീർപ്പാക്കും. മുടങ്ങിക്കിടന്ന പ്രമോഷനുകൾ, സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം നടപ്പാക്കും. സമരം തീർക്കുന്നതിന് എൽ.ഡി.എഫ് തലത്തിലും തുടർന്നു മന്ത്രി തലത്തിലും നടത്തിയ ചർച്ചകളുടെ തുടർച്ചയായിരുന്നു ചർച്ച. സമരം പിൻവലിക്കാൻ നേരത്തേ ധാരണ ആയിരുന്നു.