കൊച്ചി- തലയോട്ടിയിലേറ്റ ക്ഷതവും കരൾ രോഗവുമാണ് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിന് കാരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ദീപുവിന്റെ തലയോട്ടിയിൽ രണ്ടിടങ്ങളിൽ ക്ഷതം സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷതം ഏറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ട പിടിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. ദീപുവിന്റെ കരൾ രോഗവും മരണത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ദീപുവിന് കോവിഡും സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ട് കിഴക്കമ്പലത്തെ വീട്ടിലെത്തിച്ച ദീപുവിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് നാട്ടുകാർ ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
സംഭവത്തിൽ 4 സി.പി.എം. പ്രവർത്തകർക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. നേരത്തെ വധ ശ്രമത്തിനാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. പോലീസ് അറസ്റ്റ് ചെയ്ത സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്‌മാൻ, അസീസ് എന്നിവർക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തിയത്. ഇവർ റിമാൻഡിലാണ്. ട്വന്റി 20യുടെ ലൈറ്റണയ്ക്കൽ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ദീപുവിനെ അയൽവാസികളായ സിപിഎം പ്രവർത്തകർ അക്രമിച്ചായാണ് കേസ്. അടുത്തുള്ള വീട്ടുകാർ ലൈറ്റ് അണക്കാതിരുന്നതിനെ തുടർന്ന് ദീപു അവരുടെ വീട്ടിലെത്തി ലൈറ്റണച്ചതാണ് പ്രകോപനത്തിന് കാരണം. വീടിന് പിന്നിലുള്ള റോഡിൽ വെച്ച് ഇവർ ദീപുവിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
സംഘർഷസാധ്യതയെ തുടർന്ന് കിഴക്കമ്പലം-കുന്നത്തുനാട് പ്രദേശങ്ങളിൽ കർശന പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. 300 പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുള്ളത്.