ഹൈദരാബാദ്- കഴുതയെ മോഷ്ടിച്ച കേസില്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ തെലങ്കാന യൂണിറ്റ് മേധാവി ബല്‍മൂര്‍ വെങ്കട്ടിനെ കരിംനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മോഷണം, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപനം, മറ്റൊരാളെ പ്രകോപിപ്പിക്കാന്‍ മനപ്പൂര്‍വം അപമാനിക്കല്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, ഐ.ടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെങ്കട്ടിനും മറ്റ് ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജമ്മുകുണ്ട പോലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച, മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് വെങ്കട്ട്, കഴുതയെ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ ധരിപ്പിച്ച് കേക്ക് മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനായി കൊണ്ടുവന്ന കഴുതയെ മോഷ്ടിച്ചെന്നാണ് കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതി (ടി.ആര്‍.എസ്) പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ടി.ആര്‍.എസ് സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.