Sorry, you need to enable JavaScript to visit this website.

മലബാറിന്റെ തീക്കനൽ 

ആലി മുസ്‌ലിയാരുടെ വീരചരമത്തിന് ഒരു നൂറ്റാണ്ട്
 

ഗാന്ധിജിയുടെ വരവിന് ശേഷം കേരളത്തിൽ രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്. ആലി മുസ്‌ലിയാർ അതിന്റെ ഉപാധ്യക്ഷനായി. സ്വാതന്ത്ര്യം വിളിപ്പാടകലെയെന്ന വിശ്വാസത്തിൽ ആയിരക്കണക്കിന് ചെറുപ്പക്കാർ ഖിലാഫത്ത് വളണ്ടിയർമാരായി. ചന്ദ്രക്കലയുള്ള വെള്ളത്തൊപ്പിയും കാക്കി ട്രൗസറുമൊക്കെയായി പട്ടാളച്ചിട്ടയിൽ നാടിനഭിമാനമായി ഇവർ. ഒരു വർഷം കൊണ്ട് നൂറ്റമ്പത് ശാഖകൾ, ഒരു ശാഖയിൽ നൂറുകണക്കിന് വളണ്ടിയർമാർ. ആലി മുസ് ലിയാരെ പോലെയുള്ള നേതാക്കൾക്ക് ചുറ്റും ആജ്ഞാനുവർത്തികളായി നിലയുറപ്പിച്ച ഇവരുടെ ആവേശം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി.



 
മലബാർ സമരത്തിന്റെ നായകനും തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷനും അവിടം കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട, പത്ത് ദിവസങ്ങൾ മാത്രം നീണ്ടുനിന്ന ഖിലാഫത്ത് സർക്കാരിന്റെ നേതാവുമായിരുന്ന ആലി മുസ്‌ലിയാർ ശഹീദായിട്ട് ഇന്നേക്ക് 100 വർഷം പൂർത്തിയായി. 1921 ഓഗസ്റ്റ് 31 നാണ് അദ്ദേഹത്തെയും 37 സഹപ്രവർത്തകരെയും തിരൂരങ്ങാടിയിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി 17ന് കോയമ്പത്തൂർ ജയിലിൽ തൂക്കിലേറ്റപ്പെടുകയോ സുന്നത്ത് നമസ്കാരത്തിന് ശേഷം സ്വാഭാവികമരണം സംഭവിക്കുകയോ ഉണ്ടായി. ലോക ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ചെറുത്തുനിൽപായി ഗണിക്കപ്പെട്ട മലബാർ സമരത്തിന്റെ നാന്ദി ആലി മുസ്‌ലിയാരിലൂടെയാണ് അടയാളപ്പെടുത്തപ്പെട്ടത്.
 
ഇരുപത്തിയഞ്ച് ലക്ഷം ജനങ്ങൾ അധിവസിച്ചിരുന്ന മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 247 അംശങ്ങളും 5000 ചതുരശ്ര കിലോമീറ്റർ വിസ്താരവുമുള്ള ഒരു പ്രദേശത്തെയാകെ അമ്മാനമാടിയ കൊടുങ്കാറ്റായിരുന്നു അന്നിരുപത്തൊന്നിൽ ആഞ്ഞുവീശിയത്. മനുഷ്യ ജീവിതത്തെയാകെ കടപുഴക്കിയ ആ കൊടുങ്കാറ്റിൽ ജീവിതം ഹോമിച്ചത് 12,000 മനുഷ്യരാണ്. അത്ര തന്നെ പേരെ കാണാതായി. അമ്പതിനായിരത്തോളം പേരെ കൽത്തുറുങ്കുകളിലാക്കി. പതിനയ്യായിരത്തോളം ആളുകളെ തൂക്കിലേറ്റുകയോ ആന്തമാനിലേക്ക് നാടുകടത്തുകയോ ചെയ്തു.
 
ഏതാനും മാസങ്ങൾ കൊണ്ടാണ് ഈ ദുരിതപർവം അരങ്ങേറിയത്. പതിറ്റാണ്ടുകളെടുത്തു ആ ആഘാതത്തിൽനിന്നും സമര ദേശങ്ങൾ മുക്തിയാവാൻ. ഇപ്പോൾ നൂറു വർഷത്തിനിപ്പുറവും ചില കേന്ദ്രങ്ങളിൽ നിന്നെങ്കിലും പഴയ സാമ്രാജ്യത്വ സ്വരം കനക്കുന്നുണ്ട്. 1921 ലെ പോരാട്ടം വർഗീയ-മത ഭ്രാന്തിന്റെ ഉൽപന്നമായിരുന്നു എന്നുറപ്പിക്കാനും അതുവഴി അശാന്തിയുടെ അഗ്‌നിപർവതം കരുപ്പിടിപ്പിക്കാനും. ഇങ്ങനെയുള്ള താൽപര്യങ്ങൾക്ക് അവരുപയോഗിക്കുന്ന നാമങ്ങളിലൊന്നാണ്  രക്തസാക്ഷി ആലി മുസ്‌ല്യാർ എന്ന പണ്ഡിതവര്യൻ.
 
1857 ലെ സ്വാതന്ത്ര്യ സമരത്തിൽ ബഹദൂർഷാ സഫറിനുള്ള സ്ഥാനമാണ് 1921 ലെ വിപ്ലവത്തിൽ ആലി മുസ്‌ല്യാർക്കുള്ളത്. ഒരു ജനത ഒരു നേതാവിലേക്ക് ഉറ്റുനോക്കിയപ്പോൾ മറുത്തൊന്നും പറയാനാകാതെ തീച്ചൂളയിലേക്കെടുത്തു ചാടിയതാണ് രണ്ടുപേരുടെയും പാരമ്പര്യം. അന്നോളം മലബാറിൽ അരങ്ങേറിയ ബ്രിട്ടീഷ് - ജന്മി വിരുദ്ധ പോരാട്ടങ്ങളൊക്കെ ചാവേർ സ്വഭാവത്തിലുള്ളതും ആത്മഹത്യാപരവും ആയിരുന്നെങ്കിൽ ദേശീയ പ്രസ്ഥാനമായ കോൺഗ്രസും അതിന്റെ നേതാക്കളായ ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും നേരിട്ടെത്തി തട്ടിവിളിച്ചപ്പോൾ രാഷ്ട്രീയമായ ഒരു പാന്ഥാവും വഴിവിളക്കും അവർക്കു മുമ്പിൽ തുറന്നിട്ട പ്രതീതിയാണുണ്ടാക്കിയത്. മുസ്‌ലിംകൾക്ക് നായകത്വം കൊടുത്തത് മുഖ്യമായും ആലി മുസ്‌ലിയാരും സയ്യിദന്മാരുമായിരുന്നു.
 
1921 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ തൃശൂർ പട്ടണത്തിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളിൽ ആലി മുസ്‌ലിയാരുടെ ശിഷ്യന്മാരായ പൂക്കോട്ടൂരിലെയും മലപ്പുറത്തെയും ഖിലാഫത്ത് വളണ്ടിയർമാരുടെ ശക്തി തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികാരികൾ തിരൂരങ്ങാടിയിലെ അധികാര കേന്ദ്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ പട്ടാള നീക്കം ആരംഭിച്ചിരുന്നു.
 
ഏപ്രിലിൽ ഒറ്റപ്പാലത്തുവെച്ചു നടന്ന കേരള പ്രദേശ് കോൺഗ്രസ്-ഖിലാഫത്ത് സമ്മേളനം തൊട്ടാരംഭിച്ച ആക്രമണ പരമ്പര മെയ് മാസമായപ്പോഴേക്ക് പോലീസ് രാജിലേക്ക് വഴിമാറി. ആദ്യമായാണ് കോൺഗ്രസ് സമ്മേളനത്തിൽ അവർണരും മുസ്‌ലിംകളും സവർണരിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. ഖിലാഫത്ത് ബാനറിൽ ഒറ്റക്കെട്ടായി മുസ്‌ലിം ജനസാമാന്യം കോൺഗ്രസിന് പിന്നിൽ അണിനിരന്ന കാഴ്ച ബ്രിട്ടീഷ് ആധിപത്യത്തിന്റെ അന്ത്യത്തിലേക്ക് വഴിതുറക്കുമെന്ന് മനസ്സിലാക്കിയതിന്റെ ഫലമാണ്, അതു തകർക്കാൻ വേണ്ടിയാണ്, മാപ്പിളമാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയെന്ന നയം നടപ്പിലാക്കിയത്.
കള്ളക്കേസുകളുടെ എണ്ണം വർധിച്ചു. അനാവശ്യമായ അറസ്റ്റുകളും മർദനങ്ങളും വ്യാപകമായി. മാപ്പിള ഔട്ട്‌റേജസ് എന്ന 1859 ൽ നടപ്പിലാക്കിയ  കരിനിയമം വഴി മാപ്പിളയെ കണ്ടാൽ തൽക്ഷണം കൊല്ലാമെന്ന വ്യവസ്ഥ വ്യാപകമായി നടപ്പിലാക്കി. എങ്ങും അളമുട്ടിയ അവസ്ഥ സംജാതമായി. ഇതോടെ തിരിച്ചടികളും ആരംഭിച്ചു. ഗാന്ധിയൻ മാർഗത്തിൽ നിന്നും സായുധ കലാപത്തിലേക്കുള്ള ചുവടുമാറ്റം ആരംഭിച്ചത് അങ്ങനെയാണ്.
 
സ്വാതന്ത്ര്യ സമരത്തെ ജനകീയമാക്കിയ ഗാന്ധിജി ഇരു സമുദായങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് അധിനിവേശം പെട്ടെന്ന് അവസാനിപ്പിക്കാൻ ഇറക്കിയ വജ്രായുധമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. തുർക്കിയുടെ മുസ്‌ലിം ഖിലാഫത്ത് നിലനിർത്തുമെന്ന് ബ്രിട്ടീഷ് അധികാരികളുടെ ഉറപ്പ് കാരണമാണ് ഇന്ത്യയിലെ മുസ്‌ലിംകൾ ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ചത്. എന്നാൽ യുദ്ധം അവസാനിച്ചപ്പോൾ തുർക്കിയെയും ഖിലാഫത്തിനെയും ബ്രിട്ടൻ തകർത്തു. ഇത് മുസ്‌ലിംകളിൽ ബ്രിട്ടനെതിരെ രോഷമുണ്ടാക്കി.
 
പരിഹാരത്തിനായി  മൗലാന#ാ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഒരു സംഘം ബ്രിട്ടനും ഫ്രാൻസും സന്ദർശിച്ചു. ബ്രിട്ടൻ വഴങ്ങിയില്ല. അങ്ങനെയാണ് യൂറോപ്പിൽ നിന്നും തിരിച്ചുവന്ന ശേഷം മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി, ഹകീം അജ്മൽ ഖാൻ, ആസാദ് തുടങ്ങിയവർ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ചത്. ഗാന്ധിജിയും അവർക്കൊപ്പം കൂടി. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനമായി അതു വളർന്നു.
 
1920 ഒക്ടോബർ 17 ന് ഖിലാഫത്ത് ദിനമായി ആചരിച്ചു. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർനം തന്നെയും ഖിലാഫത്തിന് വേണ്ടിയായിരുന്നു. അന്നുവരെ മലബാർ കണ്ടിട്ടില്ലാത്തത്ര ജനം ഗാന്ധിജിയെയും ഷൗക്കത്തലിയെയും കേൾക്കാൻ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരുമിച്ചുകൂടി. അൻപതിനായിരം പേരുണ്ടായിരുന്നെന്നാണ് ഖിലാഫത്ത് കമ്മിറ്റി റിപ്പോർട്ട് ചെയ്തത്. ഈ സംഭവം നടന്നത് 1920 ഓഗസ്റ്റ് 18 നായിരുന്നു. ഇതിൽ പങ്കെടുത്തയാളാണ് ആലി മുസ്‌ലിയാർ.
 
മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് എരിക്കുന്നൻപാലത്ത് മൂലയിൽ കുഞ്ഞുമൊയ്തീന്റെ മകനായി 1854 ലാണ് അദ്ദേഹത്തിന്റെ ജനനം. മതപണ്ഡിതരുടെ കുടുംബമെന്നതു പോലെ സാമ്രാജ്യത്വ വിരുദ്ധതക്ക് പേരുകേട്ടവരായിരുന്നു പൂർവികർ. ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാന ശാസ്ത്രം, കർമശാസ്ത്രം, അധ്യാത്മശാസ്ത്രം, തത്വജ്ഞാനം, അർത്ഥശാസ്ത്രം എന്നിങ്ങനെ വൈപുല്യമാർന്ന ജ്ഞാനേന്തുവായിരുന്നു മുസ്ലിയാർ.
 
പൊന്നാനിയിൽ പത്തു വർഷവും മക്കയിൽ ഏഴു വർഷവും ഉപരിപഠനം നടത്തിയ ശേഷം കവരത്തി ദ്വീപിലേക്കാണ് പോയത്. തീർത്ഥാടനത്തിന് മക്കയിൽ വന്ന അന്നാട്ടുകാർ അദ്ദേഹത്തെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ എട്ടു വർഷം നിന്നു. 1891 ൽ നടന്ന മണ്ണാർക്കാട് കർഷക സമരത്തിൽ മൂത്ത സഹോദരൻ മമ്മദുകുട്ടി രക്തസാക്ഷിയായി. അതോടെ കുടുംബ ഭാരം ഏറ്റെടുത്തുകൊണ്ട് നാട്ടിലേക്ക് വന്നു. 1896 ൽ മഞ്ചേരിയിലും കലാപം നടന്നു. ഇതിലും ആലി മുസ്‌ലിയാരുടെയും വാരിയൻകുന്നന്റെയും കുടുംബത്തിൽനിന്നും പലരും രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. എങ്കിലും ആലി മുസ്‌ലിയാർ ആത്മീയ വഴിയിലായിരുന്നു.
 
തൊടികപ്പലം, പൊടിയാട്ട് എന്നിവിടങ്ങളിൽ നൂറുകണക്കിന് ശിഷ്യഗണങ്ങളുള്ള ദർസുകൾ അദ്ദേഹം നയിച്ചു. ആത്മീയ ഗുരുവിന്റെ നിറദീപം മലബാറിലെങ്ങും പ്രഭ ചൊരിയുന്ന വേളയിലാണ് മലബാറിലെ സമർഖന്തായ തിരൂരങ്ങാടിയിലേക്ക് തട്ടകം മാറുന്നതും പ്രശസ്തിയുടെ കൊടുമുടിയിലെത്തുന്നതും.
 
ഗാന്ധിജിയുടെ വരവിന് ശേഷം കേരളത്തിൽ രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ തിരൂരങ്ങാടിയിലാണ്. ആലി മുസ്‌ലിയാർ അതിന്റെ ഉപാധ്യക്ഷനായി. സ്വാതന്ത്ര്യം വിളിപ്പാടകലെയെന്ന വിശ്വാസത്തിൽ ആയിരക്കണക്കിന് ചെറുപ്പക്കാർ ഖിലാഫത്ത് വളണ്ടിയർമാരായി. ചന്ദ്രക്കലയുള്ള വെള്ളത്തൊപ്പിയും കാക്കി ട്രൗസറുമൊക്കെയായി പട്ടാളച്ചിട്ടയിൽ നാടിനഭിമാനമായി ഇവർ. ഒരു വർഷം കൊണ്ട് നൂറ്റമ്പത് ശാഖകൾ, ഒരു ശാഖയിൽ നൂറുകണക്കിന് വളണ്ടിയർമാർ. ആലി മുസ്‌ലിയാരെ പോലെയുള്ള നേതാക്കൾക്ക് ചുറ്റും ആജ്ഞാനുവർത്തികളായി നിലയുറപ്പിച്ച ഇവരുടെ ആവേശം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തി.
 
കൃത്യമായ ലക്ഷ്യത്തോടെ 1921 ഓഗസ്റ്റ് 14 ന് കോഴിക്കോട് കലക്ടറേറ്റിൽ ഉന്നതരുടെ രഹസ്യ യോഗത്തിലാണ് തിരൂരങ്ങാടി സൈനിക നീക്കത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. അതനുസരിച്ച് ഓഗസ്റ്റ് 19 ന് രാത്രി പട്ടാളം തിരൂരങ്ങാടിയിലെത്തി. ലിസ്റ്റൻ റെജിമെന്റിലെ 110 ബ്രിട്ടീഷ് പട്ടാളക്കാരും 60 എം.എസ്.പിക്കാരും 30 പോലീസുകാരുമടങ്ങിയ സേന ഓഗസ്റ്റ് 20 ന് നിരായുധരായ ആയിരക്കണക്കിന് മാപ്പിളമാർക്ക് നേരെ നിറയൊഴിച്ചു. അവിടം മുതലാണ് മലബാറിനെ ഇളക്കിമറിച്ച യുദ്ധങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് പട്ടാളത്തിന് തോറ്റോടേണ്ടി വന്നു. സർവ സന്നാഹങ്ങളോടും കൂടി 29 ന് പട്ടാളം തിരിച്ചുവന്നു ആലി മുസ്‌ലിയാരെയും അനുയായികളെയും കീഴ്‌പെടുത്തി. ബ്രിട്ടീഷ് തന്ത്രം വിജയിക്കുകയായിരുന്നു. ഒപ്പം ഗാന്ധിജിയുടെ തന്ത്രം പരാജയപ്പെടുകയും. രണ്ടു മതങ്ങൾക്കിടയിൽ സ്പർധ വളർത്തുന്നതിന് ഖിലാഫത്ത് സമരം ഒട്ടൊക്കെ കാരണമായി. ശരിയായ ചരിത്രം വീണ്ടെടുക്കേണ്ടത് യഥാർത്ഥ ഇന്ത്യയെ കണ്ടെത്തുന്നതിന് തീർത്തും അനിവാര്യമായ ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

Latest News