ബെംഗളുരു- ഹിജാബ് (ശിരോവസ്ത്രം) ഇസ്‌ലാമില്‍ നിര്‍ബന്ധ മതാചാരമല്ലെന്നും അത് തടയുന്നത് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം ലംഘിക്കുന്നതല്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹാക്കോടതി വാദം കേള്‍ക്കല്‍ തുടരുകയാണ്. ഹിജാബ് ധരിക്കല്‍ ഇസ്ലാമില്‍ നിര്‍ബന്ധമല്ലെന്ന് സര്‍ക്കാരിന്റെ നിലപാട് കര്‍ണാടക അഡ്വക്കെറ്റ് ജനറല്‍ പ്രഭുലിംഗ് നവദ്ഗിയാണ് ഹൈക്കോടതി മുമ്പാകെ അവതരിപ്പിച്ചത്. ജസ്റ്റിസുമാരായ റിതു രാജ് അവസ്തി, ജെ എം ഖാസി, കൃഷ്ണ എം ദിക്ഷിത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹിജാബി വിലക്കിനെ സാധൂകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരി അഞ്ചിന് ഇറക്കിയ ഉത്തരവ് നിയമപരമാണെന്നും അതില്‍ എതിര്‍ക്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും അഡ്വക്കെറ്റ് ജനറല്‍ വാദിച്ചു. അതേസമയം ഉത്തരവില്‍ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ 'ഐക്യത്തിനും സമത്വത്തിനും ഉചിതമായ' എന്ന പരാമര്‍ശം ഒന്നുകൂടി നന്നാക്കാമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു. ഈ ഉത്തരവ് ഭരണഘടനാ ലംഘനമല്ലെന്നും അദ്ദേഹം വാദിച്ചു.