കോഴിക്കോട്-മലപ്പുറം, തൃശൂര്‍ ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് നഗരത്തിലേക്ക് രാത്രികാലങ്ങളില്‍ വരുന്ന സ്വകാര്യ, കെ.എസ്.ആര്.ടി.സി ബസുകള്‍ വട്ടക്കിണര്‍, പന്നിയങ്കര, പാളയം വഴിയും വേണമെന്ന് വട്ടക്കിണര്‍ ഗ്രീന്‍ സ്ക്വയര്‍ റെസിഡന്റ്സ് അസോസിയേഷന് (ജി.എസ്.ആര്.എ) വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. തെക്കു ഭാഗത്തു നിന്ന് വരുന്ന എല്ലാ ബസുകളും മീഞ്ചന്ത ബൈപാസ് വഴി മാവൂര്‍ റോഡിലെ മൊഫ്യൂസില്‍ ബസ് സ്റ്റാന്റില്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്. വണ്‍വേ നിയന്ത്രണം അവസാനിക്കുന്ന രാത്രി എട്ട് കഴിഞ്ഞാല്‍ സിറ്റി ബസുകളുമില്ല. ആകെ ആശ്രയമായ ദീര്‍ഘ ദൂര ബസുകളെല്ലാം നഗരത്തില ജനവാസ കേന്ദ്രങ്ങളേയും കല്ലായ്, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളെയും പാളയം ബസ് സ്റ്റാന്റിനേയും ഒഴിവാക്കി ട്രിപ്പ് നടത്തുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുവെന്ന് കമ്മിറ്റി വിലയിരുത്തി. ഗത്യന്തരമില്ലതെ ഓട്ടോറിക്ഷയെ ആശ്രയിക്കുന്നവരില്‍ നിന്ന് കഴുത്തറപ്പന്‍ നിരക്കാണ് ഈടാക്കി വരുന്നത്. ഇതിന് പരിഹാരമായി കെ.എസ്.ആര്.ടിസി ഉള്‍പ്പെടെ രാത്രി സര്‍വീസ് നടത്തുന്ന ബസുകളില്‍ പാതിയെങ്കിലും പന്നിയങ്കര വഴി തിരിച്ചു വിടണമെന്നും കമ്മിറ്റി അധികൃതരോട് അഭ്യര്‍ഥിക്കാനും തീരുമാനിച്ചു. നഗരത്തില്‍ രാത്രി പത്ത് വരെ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ജി.എസ്.ആര്.എ ജനറല്‍ ബോഡിയില്‍ പി. വിജയഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടരി സി.പി.എം അബ്ദുറഹിമാന് ബിന്‍ അഹമദ് സ്വാഗതം പറഞ്ഞു. പ്രദേശത്ത് എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷകളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് യോഗത്തില്‍ ഉപഹാരം നല്കി ആദരിച്ചു. പി. ആദം, ലൈഗുദിന ചന്ദ്രന്, ഫൗസിയ ഉമ്മര്‍ കോയ, കെ. ഹാരിസ്, എം.കെ ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി പി. വിജയഗോപാലന്‍ (പ്രസിഡന്റ്) സി.പി.എം അബ്ദുറഹിമാന് ബിന്‍ അഹമ്മദ് (ജനറല്‍ സെക്രട്ടരി) ലൈഗു ദിന ചന്ദ്രന്, ഫൗസിയ ഉമ്മര്‍ കോയ (വൈസ് പ്രസി), പി.ആദം (ട്രഷറര്‍), കെ. ഹാരിസ്, മിനി കിഷോര്‍, റഫീഖ് വാടിയില്‍ (സെക്രട്ടരി) യു. സുകുമാരന്‍ മാസ്റ്റര്‍, എം.കെ അബൂബക്കര്‍ പാരിസ് (മുഖ്യരക്ഷാധികാരികള്‍), എം. ഷെഫീഖ് (രക്ഷാധികരി) എന്നിവരെ തെരഞ്ഞെടുത്തു. കെ.പി നബീസ നന്ദി പറഞ്ഞു.