പത്താന്‍കോട്ട്- പ്രധാനമന്ത്രി നരേന്ദ്രമോഡും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ബഡെ മിയാനും ഛോട്ടെ മിയാനുമാണെന്നും ഇരുവരും പൊങ്ങിവന്നത് ആര്‍എസ്എസില്‍ നിന്നാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോഡി പ്രസംഗിച്ചു പോയ പത്താന്‍കോട്ടില്‍ കോണ്‍ഗ്രസിന്റെ പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പഞ്ചാബിയത്ത് എന്നാല്‍ സര്‍വശക്തനു മുന്നില്ലാതെ മറ്റാരുടെ മുന്നിലും കുനിയാത്ത ആത്മാഭിമാനമാണ്. എന്നാല്‍ പഞ്ചാബിയത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരു കൂട്ടര്‍ ഇതിനകം തന്നെ അവരുടെ വ്യവസായികളായ സുഹൃത്തുക്കള്‍ക്കു മുമ്പില്‍ കുനിഞ്ഞിരിക്കുന്നു- ബിജെപിയെ ഉന്നംവച്ച് പ്രിയങ്ക പറഞ്ഞു.
ഇന്നലെ പത്താന്‍കോട്ടില്‍ വന്ന് പ്രസംഗിച്ച പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഒരു അഞ്ചാറു കിലോമീറ്റര്‍ മാത്രം അകലെയുണ്ടായിരുന്ന കര്‍ഷകരെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം കര്‍ഷകരെ ഒരു വര്‍ഷമാണ് സമരം ചെയ്യിച്ചത്- പ്രിയങ്ക പറഞ്ഞു. യുഎസ്, കാനഡ തുടങ്ങി ലോകമൊട്ടാകെ കറങ്ങിയ അദ്ദേഹം 16000 കോടി രൂപയ്ക്ക് സ്വന്തം ആവശ്യത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ വാങ്ങുകയാണ് ചെയ്തത്. കരിമ്പു കര്‍ഷകര്‍ക്ക് വിതരണ ചെയ്യാനുള്ള 14000 കോടി രൂപയുടെ കുടിശ്ശിക അദ്ദേഹം വിതരണം ചെയ്തില്ല. സമരം ചെയ്ത കര്‍ഷകരെ ഒരു തവണ പോലും കാണാനും കൂട്ടാക്കിയില്ല. പകരം അദ്ദേഹത്തിന്റെ ഒരു മന്ത്രിയുടെ പുത്രന്‍ വാഹനമെടുത്ത് ആറു കര്‍ഷകരെ ഇടിച്ചുകയറ്റി കൊല്ലുകയാണ് ചെയ്തത്- പ്രിയങ്ക പറഞ്ഞു.