ന്യൂദല്‍ഹി- ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയില്‍ ഇപ്പോള്‍ ലേക്‌സഭയിലെ പകുതിയോളം അംഗങ്ങളും ക്രിമിനല്‍ കേസ് നേരിടുന്നവരാണെന്ന സിംഗപൂര്‍ പ്രധാനമന്ത്രി ലീ സ്യെന്‍ ലൂംഗിന്റെ പരാമര്‍ശത്തില്‍ കേന്ദ്ര സര്‍ക്കാരിന് അതൃപ്തി. ഇത്തരം പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും വിഷയം സിംഗപൂരിനെ അറിയിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.
ദല്‍ഹിയിലെ സിംഗപൂര്‍ ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ച് ഇന്ത്യയുടെ വിയോജിപ്പ് അറിയിച്ചതായും റിപോര്‍ട്ടുണ്ട്. ബുധനാഴ്ച പാര്‍ലമെന്റില്‍ നടത്തിയ ഗംഭീര പ്രസംഗത്തിലാണ് സിംഗപൂര്‍ പ്രധാനമന്ത്രി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ മികച്ച മാതൃകയായി പരാമര്‍ശിച്ചത്.