ന്യൂദല്‍ഹി- കര്‍ണാടകയില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ തട്ടമിടുന്നതിനെതിരെ തീവ്രഹിന്ദുത്വവാദികള്‍ അക്രമോത്സുകമായി രംഗത്തു വന്നതിനെ ചൊല്ലിയുള്ള വിവാദത്തില്‍ വിദേശ രാജ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പുറത്തു നിന്നുള്ളവര്‍ക്ക് ഇന്ത്യയുടെ ഭരണഘടനയും ജനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാന്‍ അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യമായതിനാല്‍ പുറത്തു നിന്നുള്ളവരോ മറ്റു രാജ്യങ്ങളോ ഇതുസംബന്ധിച്ച് പ്രതികരിക്കുന്നതിനെ സ്വാഗതം ചെയ്യില്ല. ഇവിടെ ഭരണഘടനാ സംവിധാനവും ജൂഡീഷ്യറിയും ജനാധിപത്യ വ്യവസ്ഥയുമുണ്ട്. ഇത്തരം വിഷയങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നതിന് ഈ സംവിധാനങ്ങള്‍ക്ക് ഒരു ചട്ടക്കൂട് ഉണ്ട്. ഇത് കോടതി പരിഗണനയിലിരിക്കുന്ന വിഷയം കൂടിയാണ്- അദ്ദേഹം പറഞ്ഞു.