Sorry, you need to enable JavaScript to visit this website.

കാവിക്കൊടി ദേശീയപതാകയാകും; നിയമസഭയില്‍ ദേശീയ പതാക ഉപയോഗിച്ചതിനെതിരെ കര്‍ണാടക മുഖ്യമന്ത്രി

ബെംഗളൂരു-കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് ദേശീയ പതാക ഉപയോഗിക്കുന്നതിന്റെ ചട്ടം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു. ഉത്തരവാദപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ കാവിക്കൊടി ഇന്ത്യയുടെ ദേശീയപതാകയാകുമെന്ന മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ പ്രസ്താവനയില്‍ പ്രതിഷേധിക്കുമ്പോഴാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ ദേശീയ പതാക വീശിയത്. ചെങ്കോട്ടയില്‍ ദേശീയ പതാകക്ക് പകരം കാവിക്കൊടി ഉയര്‍ത്തുമെന്ന് പ്രസ്താവിച്ച മന്ത്രി രാജിവെക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
സഭയുടെ നടുത്തളത്തില്‍ അവര്‍ ദേശീയ പതാക ഉപയോഗിച്ചു. ദേശീയ പതാക എങ്ങനെ ഉപയോഗിക്കണമെന്നതിന് ചട്ടങ്ങളുണ്ട്. ആദരവോടെ വേണം ദേശീയ പതാക ഉപയോഗിക്കാന്‍. കോണ്‍ഗ്രസ് പതാക ചട്ടം ലംഘിച്ചിരിക്കയാണ്. ജനങ്ങള്‍ ഇതു കാണുന്നുണ്ട്. ഉത്തരവാദപ്പെട്ട പ്രതിപക്ഷമെന്ന നിലയിലല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്- മുഖ്യമന്ത്രി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
മന്ത്രി ഈശ്വരപ്പയുടെ പ്രസ്താവനയിലെ ഒരു ഭാഗം മാത്രം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കയാണെന്നും ബൊമ്മെ ആരോപിച്ചു. ചെങ്കോട്ടയില്‍ ഉടനെ കാവി പതാക ഉയര്‍ത്തുമെന്നല്ല താന്‍ പറഞ്ഞതെന്ന് മന്ത്രി ഈശ്വരപ്പ വിശദീകരിച്ചിട്ടുണ്ട്. അടുത്ത 300 അല്ലെങ്കില്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നാണ് പറഞ്ഞത്. അങ്ങനെ സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുണ്ടെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. ഈശ്വരപ്പ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാവിക്കൊടി ഇന്ത്യയുടെ ദേശീയ പതാകയാകുമെന്നും അത് ചെങ്കോട്ടയില്‍ ഉയര്‍ത്തുമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്.

 

Latest News