ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഏഴര വര്‍ഷത്തെ ഭരണത്തിനിടെ ചെയ്ത അബദ്ധങ്ങള്‍ തിരുത്തി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാതെ സര്‍ക്കാരിപ്പോഴും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പഴിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്‍മോഹന്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ സത്യം മൂടിവെക്കാനോ കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തെ ഭിന്നിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ പദവിക്ക് സവിശേഷ പ്രധാന്യമുണ്ട്. തെറ്റുകളെ മറച്ചുപിടിക്കാന്‍ ചരിത്രത്തെ പഴിക്കുന്നതിനു പകരം പ്രധാനമന്ത്രി അന്തസ്സ് കാത്തുസൂക്ഷിക്കണം. ഞാന്‍ 10 വര്‍ഷം പ്രധാനമന്ത്രി ആയിരുന്നിട്ടുണ്ട്. ഞാന്‍ സംസാരിച്ചത് എന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ കീര്‍ത്തി കളങ്കപ്പെടാന്‍ ഞാനൊരിക്കലും അനുവദിച്ചിട്ടില്ല. ഇന്ത്യയുടെ അഭിമാനത്തെ ഒരിക്കലും അട്ടിമറിച്ചിട്ടുമില്ല- മന്‍മോഹന്‍ പറഞ്ഞു.
ഒരു ഭാഗത്ത് ജനം തൊഴിലില്ലായ്മ കൊണ്ടും പണപ്പെരുപ്പം കൊണ്ടും പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഈ സര്‍ക്കാര്‍ തങ്ങള്‍ക്കു അബദ്ധങ്ങള്‍ പറ്റിയെന്ന് സമ്മതിക്കുകയും അത് പരിഹരിക്കുകയും ചെയ്യാതെ ജനങ്ങളുടെ ദുരിതങ്ങള്‍ക്കെല്ലാം പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ പഴിച്ചുകൊണ്ടിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പഞ്ചാബിയിലുള്ള മന്‍മോഹന്‍ സിങിന്റെ വിഡിയോ സന്ദേശം കോണ്‍ഗ്രസാണ് പുറത്തു വിട്ടത്.