Sorry, you need to enable JavaScript to visit this website.

30 വര്‍ഷം മുമ്പ് എംബിബിഎസ് പാതി വഴിയില്‍ നിര്‍ത്തി; വീണ്ടും അഡ്മിഷന്‍ തേടി 50കാരൻ

അഹ്‌മദാബാദ്- മൂന്ന് പതിറ്റാണ്ട് മുമ്പ് പാതിവഴിയില്‍ നിര്‍ത്തിപ്പോയ എംബിബിഎസ് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വീണ്ടും അഡ്മിഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച 50കാരന് കോടതിയില്‍ നിന്ന് വയറു നിറച്ചും കിട്ടി. തോന്നാസ്യത്തിനൊത്ത് പ്രവര്‍ത്തിക്കാനും ജനങ്ങളുടെ ജീവിതവുമായി കളിക്കാനും ഹര്‍ജിക്കാരനെ അനുവദിക്കില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. 

ബറോഡ മെഡിക്കല്‍ കോളെജില്‍ എംബിബിഎസിന് രണ്ടാം വര്‍ഷം പഠിക്കുന്നതിനിടെ 1988ല്‍ പരീക്ഷ കഴിഞ്ഞ് കോഴ്‌സ് നിര്‍ത്തിപ്പോയ കന്‍ദീപ് ജോഷിയാണ് മൂന്ന് പതിറ്റാണ്ടിനു ശേഷം പഠനം തുടരാന്‍ അനുമതി തേടി രംഗത്തെത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ കോഴ്‌സ് നിര്‍ത്തിയതായിരുന്നു. ബിസിനസ് ചെയ്തു വരുന്ന കന്‍ദീപിന് ഇപ്പോഴാണ് മൂന്നാം വര്‍ഷ എംബിബിഎസിന് പ്രവേശനം നേടാന്‍ ആഗ്രഹമുദിച്ചത്. ഈ പ്രായത്തില്‍ എംബിബിഎസിനു ചേര്‍ന്ന് എന്തിനാണ് ജനങ്ങളുടെ ജീവനുമായി കളിക്കുന്നതെന്ന് കോടതി കന്‍ദീപിനോട് ചോദിച്ചു. ഈ പ്രായത്തില്‍ ഒരിക്കലും എംബിബിഎസിന് പ്രവേശനം അനുവദിക്കാനാവില്ലെന്ന് കോടതി തീര്‍ത്തു പറഞ്ഞു.
 

Latest News