ന്യൂദൽഹി- ഹാദിയയുമായുള്ള ഷെഫിൻ ജഹാന്റെ വിവാഹം റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രണ്ടു വ്യക്തികൾ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും ഇതിൽ ഇടപെടാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ഇരുവരുടെയും വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയത്. ഹാദിയയുമായുള്ള തന്റെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കേസിൽ രാവിലെ വാദം കേട്ട സുപ്രീം കോടതി ഉച്ചക്ക് രണ്ടു മണിക്ക് വിധി പറയുമെന്ന് അറിയിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വിവാഹത്തില്‍ ഇടപെടാനുള്ള ഒരു അധികാരവും ഹൈക്കോടതിക്ക് ഇല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കാൻ കോടതിക്ക് അവകാശമില്ല. വിവാഹം സംബന്ധിച്ച് ഹാദിയ പറഞ്ഞ കാര്യമാണ് അംഗീകരിക്കുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം നിയമപരമാണ്. ഭരണഘടനയിലെ 226-ാം അനുച്ഛേദപ്രകാരമാണ് ഹേബിയസ കോർപസ് ഹരജി അനുസരിച്ച് വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ എൻ.ഐ.എക്ക് സുപ്രീം കോടതി അനുമതി നൽകി. അന്വേഷണവും വിവാഹവും വേറെയാണെന്ന് കോടതി വ്യക്തമാക്കി. വിവാഹത്തിന്റെ കാര്യത്തിൽ എൻ.ഐ.എ മുന്നോട്ടുവെക്കുന്ന വാദങ്ങൾ അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹാദിയയുടെ മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പുതിയ ആരോപണവുമായി പിതാവ് അശോകൻ ഏറ്റവും ഒടുവിൽ രംഗത്തെത്തിയത് കേസിൽ ഏറെ നിർണായകമായിരുന്നു. മലപ്പുറം സ്വദേശിയുടെ രണ്ടാം ഭാര്യയായി മകളെ യെമനിലേക്ക് പോകാൻ ശ്രമം നടന്നിരുന്നുവെന്ന് അശോകൻ കഴിഞ്ഞദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നത്.
2015ൽ മലപ്പുറം സ്വദേശിയായ ഷാനിബുമായി നടത്തിയ ഇന്റർനെറ്റ് ചാറ്റിംഗിലൂടെയാണ് അഖില ഇസ്്‌ലാം മതത്തിലേക്ക് ആകൃഷ്ടയായതെന്നും ഷാനിബ് തന്റെ മൂത്ത സഹോദരിയായ ഷെറിൻ ഷഹാനയെ അഖിലയ്ക്ക് പരിചയപ്പെടുത്തുകയും ഇവരുടെ ഭർത്താവ് ഫാസിൽ മുസ്തഫയുടെ രണ്ടാം ഭാര്യയായി ഹാദിയയെ യെമനിലേക്ക് കൊണ്ടുപോകാൻ നീക്കം നടത്തിയെന്നുമാണ് അശോകൻ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ഹാദിയ അടുത്ത സുഹൃത്തായ അമ്പിളിയോട് പറഞ്ഞുവെന്നും ഇങ്ങിനെയാണ് ഇക്കാര്യം പുറത്തെത്തിയതെന്നും അശോകൻ പറയുന്നു.
പെരിന്തൽമണ്ണ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇക്കാര്യങ്ങൾ പുറത്തുവന്നെങ്കിലും ഇക്കാര്യത്തിൽ വിശദമായ തുടരന്വേഷണം ഉണ്ടായിട്ടില്ല. ഈ ദമ്പതികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഐ.എസ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്‌കർ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമാണ് യുവാക്കളെയും യുവതികളെയും മതംമാറ്റി വിദേശത്തേക്ക് കടത്തുന്നത്. ഇതേക്കുറിച്ചുള്ള എൻ.ഐ.എ റിപ്പോർട്ട് കോടതി പരിശോധിക്കണമെന്നും അശോകൻ ആവശ്യപ്പെട്ടിരുന്നു.
സേലത്തെ ശിവരാജ് ഹോമിയോ കോളേജിൽ ഹൗസ് സർജൻസ് ആരംഭിച്ചിട്ടില്ലെന്നും സേലത്തെ കോളേജ് ഹോസ്റ്റലിൽ മകളെ വെറുതേ സമയം ചെലവിടുകയാണെന്നുമാണ് അശോകന്റെ മറ്റൊരു ആരോപണം. താൻ നിരീശ്വരവാദിയാണെന്നും മകൾ ഇസ്്‌ലാം മതം സ്വീകരിക്കുന്നതിൽ എതിർപ്പില്ലെന്നും ചൂണ്ടിക്കാട്ടിയ അശേകൻ മകളെ മനുഷ്യബോംബോ, ലൈംഗിക അടിമയോ ആക്കുന്നത് നോക്കിയിരിക്കാനാകില്ലെന്നുമായിരുന്നു അശോകന്റെ മറ്റൊരു വാദം.
നിയമപരമായി മുന്നോട്ടുപോകും- അശോകൻ
കൊല്ലം- ഷെഫിൻ ജഹാനെതിരായ അന്വേഷണം റദ്ദാക്കിയിട്ടില്ലെന്നും വിവാഹം പുനസ്ഥാപിച്ച കോടതി വിധിയെ പറ്റി ഒന്നും പറയാനില്ലെന്ന് ഹാദിയയുടെ അച്ഛൻ അശോകൻ. കേസിൽ ഇനിയും നിയമപരമായി മുന്നോട്ടുപോകുമെന്നും അശേകൻ പറഞ്ഞു. ഹാദിയയും അശോകനും തമ്മിലുള്ളത് തട്ടിക്കൂട്ട് വിവാഹമാണ് എന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അശോകൻ വൈക്കത്ത് പറഞ്ഞു.