Sorry, you need to enable JavaScript to visit this website.

പിതാവിനെ തലക്കടിച്ചു കൊന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

മകന്റെ അടിയേറ്റു പിതാവ് മരിച്ച സംഭവത്തില്‍ പ്രതി കൊച്ചുമോന്‍ എന്ന വര്‍ഗീസിനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുന്നു.

എടക്കര-മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ മകന്റെ അടിയേറ്റു പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയില്‍ പുത്തന്‍വീട് തങ്കച്ചന്‍ (69) ആണ് മകന്‍ കൊച്ചുമോന്‍ എന്ന വര്‍ഗീസിന്റെ (42) അടിയേറ്റു കൊല്ലപ്പെട്ടത്.
അടിപിടിയില്‍ പരിക്കേറ്റ പ്രതി കൊച്ചുമോനെ എടക്കര പോലീസ് സംഭവസ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്നു മരണത്തിലേക്കും നയിച്ചത്. കൊച്ചുമോന്റെ വടികൊണ്ടുള്ള അടിയേറ്റു തലയിലുണ്ടായ മുറിവില്‍ നിന്നു രക്തം വാര്‍ന്നതാണ് തങ്കച്ചന്റെ മരണം.  ഉച്ചയോടെ കൊച്ചുമോനെ സംഭവം നടന്ന സ്വന്തം വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. പിതാവും മാതാവും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചെന്നും ഗത്യന്തരമില്ലാതെ മാതാവിന്റെ കൈയിലെ വടി വാങ്ങി അച്ചനെ പൊതിരെ തല്ലിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അടിക്കാന്‍ ഉപയോഗിച്ച വടി പോലീസിനു  വര്‍ഗീസ്  കാണിച്ചു കൊടുത്തു. പിതാവും മകനും മദ്യലഹരിയിലായിരുന്നെന്നും വഴക്ക് പതിവായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. മലപ്പുറം ഫോറന്‍സിക് വിഭാഗം ഓഫീസര്‍ സൈനബ ഇളയിടത്ത്, വിരലടയാള വിദഗ്ധര്‍,  പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, എസ്.ഐമാരായ സജീഷ്, അബുബക്കര്‍, സതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ചുങ്കത്തറ മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകള്‍ ലിസിയും മരുമകള്‍ ലിന്‍സിയും എത്തിയ ശേഷം സംസ്‌കരിക്കും.

 

 

 

 

Latest News