കോഴിക്കോട് - മർക്കസ് നോളജ് സിറ്റിക്കെതിരെ പ്രവർത്തിക്കുന്നവർ ആരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉചിതമായ സമയത്ത് ഇവർ ആരെന്ന കാര്യം പുറത്തുവിടുമെന്നും കാന്തപുരം അബൂബക്കർ മുസല്യാർ പറഞ്ഞു. മർക്കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ സൗഹാർദ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ, സാമുദായിക താല്പര്യങ്ങളല്ല ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം.നാലോ അഞ്ചോ തലമുറ കൈമാറി കൈമാറി വന്ന ഭൂമിയാണ് ഞങ്ങൾ വാങ്ങിയത്. എല്ലാവർക്കും ഗുണം ഉണ്ടാക്കുന്ന പദ്ധതിയാണിത്. അതിനു പോലും എതിര് നില്ക്കുന്നത് സങ്കടകരമാണ്. മതം, നിറം, ജാതി ഒന്നും നോക്കിയല്ല ഇവിടെ പ്രവേശനവും തെരഞ്ഞെടുപ്പും. രാജ്യത്തിന്റെ പുരോഗതി തന്നെയാണ് സ്ഥാപനത്തിന്റെ ലക്ഷ്യ മെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് എന്നത് ഭരണഘടന പൗരന്മാർക്ക് നല്കിയ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. കേരള ഗവർണർ ഹിജാബിനെ പറ്റി എന്തു പറഞ്ഞുവെന്ന തനിക്കറിയില്ല. അദ്ദേഹത്തിന്റെ അഭിപ്രായമൊന്നും ഞാൻ നോക്കിയിട്ടില്ലെന്നും മാധ്യമ പ്രവർത്തകരോട് സംവദിക്കവെ അദ്ദേഹം പറഞ്ഞു. മർക്കസ് നോളജ് സിറ്റി എം.ഡി. അബ്ദുൾ ഹക്കീം അസ്ഹരി, സി.ഇ. ഒ ഡോ. അബ്ദുൾ സലാം എന്നിവരും ചടങ്ങിൽ സംസാരിച്ചു.