ബെംഗളൂരു- ഹിജാബും കാവി തലപ്പാവുമടക്കം മതവേഷം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളിലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിയമസഭയില്‍ പറഞ്ഞു.
ഹിജബും കാവി ഷാളുകളുമടക്കം മത ചിഹ്നങ്ങള്‍ പാടില്ലെന്ന ഫെബ്രുവരി പത്തിലെ ഹൈക്കോടതി നിര്‍ദേശം സംസ്ഥാനത്തെ ഡിഗ്രി കോളേജുകളില്‍ നടപ്പാക്കില്ല. യൂണിഫോമുള്ള കോളേജുകളില്‍ മാത്രമാണ് നിരോധം ബാധകമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാ കോളേജുകള്‍ക്കും ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയാണ് ശൂന്യവേളയില്‍ ഉന്നയിച്ചത്.
മത ചിഹ്നങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഡിഗ്രി കോളേജുകളില്‍ ബാധകമാക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍ അശ്വത്‌നാരായണ്‍ പ്രസ്താവിച്ചിരുന്നു. ഇതേക്കുറിച്ചാണ് മുഖ്യമന്ത്രി കൂടുതല്‍ വിശദീകരണം നല്‍കിയത്.
ശിരോവസ്ത്രമില്ലാത്ത യൂണിഫോം ഏര്‍പ്പെടുത്തിയ പ്രീ യൂനിവേഴ്‌സിറ്റി കോളേജുകളില്‍ മാത്രാണ് ഫെബ്രുവരി പത്തിലെ ഹൈക്കോടതി ഉത്തരവ് ബാധകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.