ന്യൂദല്‍ഹി- കര്‍ണാടകയില്‍ ക്ലാസ് മുറികളില്‍ തട്ടമിടാനുള്ള അവകാശം സംരക്ഷിക്കാനായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം വിദ്യാര്‍ത്ഥിനികളെ തിരിച്ചറിയാന്‍ അവരുടെ പേരുവിവരങ്ങള്‍ നിയമവിരുദ്ധമായി ബിജെപി പരസ്യപ്പെടുത്തി. പ്രതിപക്ഷമായ കോണ്‍ഗ്രസ് കുട്ടികളെ ഉപയോഗിച്ച് രാഷ്ട്രീയ കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ ഈ ട്വീറ്റ്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടി ട്വിറ്റര്‍ ഈ ട്വീറ്റ് നീക്കം ചെയ്തു. അഞ്ച് കൂട്ടികളുടെ പേരുവിവരം ഉള്‍പ്പെടുന്ന ട്വീറ്റ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും പങ്കുവച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തിയ ബിജെപി നടപടിക്കെതിരെ ശിവ സേന എംപി പ്രിയങ്ക ചതുര്‍വേദി ശക്തമായി രംഗത്തു വന്നിരുന്നു. വിഷയത്തില്‍ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും ട്വിറ്റര്‍ നടപടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.