ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പു നടത്തിയവര്‍ക്കായി സിബിഐ വലവിരിച്ചു; രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് 

ന്യൂദല്‍ഹി- ഇന്ത്യ കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പായ 23000 കോടിയുടെ വായ്പാ വെട്ടിപ്പ് നടത്തിയ എബിജി ഷിപ്യാര്‍ഡ് എന്ന കപ്പല്‍നിര്‍മാണ കമ്പനിയുടെ ഉന്നതര്‍ക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് ഇറക്കി. കേസില്‍ പ്രതികളായ കമ്പനിയുടെ മുന്‍ ചെയര്‍മാനും എംഡിയുമായ റിഷി കമലേഷ്, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി, ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍, സുശീല്‍ കുമാര്‍ അഗര്‍വാള്‍, രിവി വിമല്‍ നെവേറ്റിയ എന്നിവര്‍ രാജ്യം വിടുന്നത് തടയാന്‍ എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും മറ്റു അതിര്‍ത്തി ക്രോസിങ് കേന്ദ്രങ്ങള്‍ക്കും സിബിഐ നോട്ടീസ് നല്‍കി. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള 28 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത 22,842 കോടി രൂപ എബിജി ഷിപ്യാര്‍ഡ് മറ്റു 98 അനുബന്ധ കമ്പനികളിലേക്ക് വഴിതിരിച്ചു വിട്ട് വെട്ടിപ്പ് നടത്തുകയും വായ്പ തിരിച്ചടക്കാതിരിക്കുകയും ചെയ്തന്നാണ് സിബിഐ കണ്ടെത്തല്‍. ഗുജറാത്തിലെ സൂറത്ത്, ദഹേജ് എന്നീ തുറമുഖങ്ങളിലാണ് എബിജി ഗ്രൂപ്പിന് ഷിപ്യാര്‍ഡുകളുള്ളത്.

നേരത്തെ സമാന വായ്പാ തട്ടിപ്പുകള്‍ നടത്തി ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട വമ്പന്‍മാരായ മദ്യരാജാവ് വിജയ് മല്യ, വജ്രവ്യാപാരികളായ നീരവ് മോഡി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവരെ വിട്ടു കിട്ടാനായി നിയമ പോരാട്ടം നടത്തിവരികയാണ് ഇന്ത്യ.
 

Latest News