ന്യൂദല്‍ഹി- മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടപ്പിച്ച മുസ് ലിം രാജ്യങ്ങളുടെ വലിയ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒഐസി) പുറത്തിറക്കിയ പ്രസ്താവനയെ ഇന്ത്യ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ സംബന്ധിച്ച ഒഐസി പ്രസ്താവന അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയിലെ വിഷയങ്ങള്‍ ഭരണഘടനാ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടും സംവിധാനങ്ങള്‍ ഉപയോഗിച്ചും ജനാധിപത്യ രീതിയില്‍ പരിഹരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ മറുപടി നല്‍കി.
ഒഐസി സെക്രട്ടേറിയറ്റിന്റെ വര്‍ഗീയ മനോഭാവം ഈ യാഥാര്‍ത്ഥ്യങ്ങളെ ശരിയായ രീതിയില്‍ കാണുന്നില്ല. ഇന്ത്യയ്‌ക്കെതിരായ ദുഷ്ടലാക്കോടെയുള്ള പ്രചാരണങ്ങള്‍ക്ക് ആക്കം കുട്ടാനുള്ള ചിലരുടെ കുത്സിത താല്‍പര്യങ്ങള്‍ ഒഐസിയെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇതിലൂടെ ഐഒസി സ്വയം പേരുദോഷമുണ്ടാക്കുകയാണ്- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു.
ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത് ആദ്യമായല്ല ഒഐസി പരപ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന ഇറക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ പാക്കിസ്ഥാനും അംഗമാണ്.
Our response to media queries regarding recent statement by General Secretariat of the OIC: https://t.co/jXZh7Axr5G pic.twitter.com/hqPyBJSZUA
— Arindam Bagchi (@MEAIndia) February 15, 2022
ഹരിദ്വാറില്‍ ഹിന്ദുത്വ വാദികള്‍ നടത്തിയ മുസ്ലിം വംശഹത്യാ ആഹ്വാനവും കര്‍ണാടകയിലെ ശിരോവസ്ത്ര വിലക്കും ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ച ഒഐസി ഇന്ത്യയിലെ മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹത്തോടും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിനോടും ആവശ്യപ്പെട്ടിരുന്നു.