Sorry, you need to enable JavaScript to visit this website.

കശ്മീരിലെ മുസ്ലിംകളുടെ ഉന്മൂലനാശമാണ് മോഡി സർക്കാരിന്റെ ലക്ഷ്യമെന്ന് എസ്. രാമചന്ദ്രൻപിള്ള

ആലപ്പുഴ-ഇസ്രാഈല്‍ ഫലസ്തീനില്‍ ചെയ്തത് പോലെ കശ്മീരില്‍ മുസ്ലിംകളുടെ ഉന്മൂലനാശമാണ് മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള.സി പി എം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫലസ്തീനിലേക്ക് ജൂതന്മാരെ മാറ്റിപ്പാര്‍പ്പിച്ചത് പോലെ കാശ്മീരിലെ മുസ്ലിം ഭൂരിപക്ഷം ഇല്ലാതാക്കാനാണ് തിടുക്കത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അതിവേഗത്തിലുളള നടപടികളാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്.മതാടിസ്ഥാനത്തിലുള്ള പൗരത്വം ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്.ഒരു മതവിശ്വാസികളെ ലക്ഷ്യം വെച്ചുകൊണ്ട്, അവര്‍ക്കെതിരെ പ്രയാസം സൃഷ്ടിക്കാനുള്ള നടപടികളാണ് കേന്ദ്ര ഭരണത്തില്‍ നിന്നുണ്ടാകുന്നത്.ലൗജിഹാദ്, മതപരിവര്‍ത്തനത്തിനെതിരായുള്ള നിയമം, ജനസംഖ്യാനിയന്ത്രണം, ഇപ്പോള്‍ ഏറെ വിവാദമായ വസ്ത്രധാരണം അടിച്ചേല്‍പ്പിക്കലും നിയന്ത്രണവുമുള്‍പ്പെടെ മതപരമായ അടിസ്ഥാനത്തിലാണ് കാര്യങ്ങളാകെ തീരുമാനിക്കുന്നത്.എല്ലാം വര്‍ഗീയവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അയോധ്യ ക്ഷേത്രം സര്‍ക്കാരാണ് പണിയുന്നത്.ഇതിന് വേണ്ടി സര്‍ക്കാര്‍ പണം സ്വരൂപിക്കുന്നുണ്ടെന്നും എസ് ആര്‍ പി പറഞ്ഞു.കേന്ദ്ര ഏജന്‍സികളെയെല്ലാം സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റി.സര്‍ക്കാരിന് ഇഷ്ടമുള്ള തീരുമാനമെടുക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടിക്കൊടുക്കുന്നു.നീതിന്യായ വ്യവസ്ഥയെ പോലും എക്‌സിക്യൂട്ടീവിന്റെ തടവറയിലാക്കി.സര്‍ക്കാരിന് ഇഷ്ടമുള്ള വിഷയങ്ങള്‍ വേഗത്തില്‍ പരിഗണനക്കെടുക്കും.ഇഷ്ടമില്ലാത്തവ എടുക്കില്ല.നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു.ഇന്ത്യന്‍ ജനതയാകെ മോദി ഭരണത്തിന്റെ പോലീസ് നിരീക്ഷണത്തിലാണ്.ഇന്ത്യന്‍ ജനതയില്‍ 83 ശതമാനം ഇന്റര്‍നെറ്റും സ്മാര്‍ട്ട്‌ഫോണും ഉപയോഗിക്കുന്നവരാണ്.സംസാരം, വാര്‍ത്തകള്‍, അറിയിപ്പുകള്‍ ഇവയെല്ലാം ഭരണകൂടം ചോര്‍ത്തിക്കൊണ്ടിരിക്കുന്നു.വ്യക്തികളുടെ സ്വകാര്യത കടന്നാക്രമിക്കപ്പെടുന്നു.ഇതിനെതിരെ ജനാധിപത്യ മനസ്സാക്ഷി ഉണരേണ്ടതുണ്ട്.ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ള വിഷയങ്ങളിലെല്ലാം കേന്ദ്രം കൈകടത്തുകയാണ്.കൃഷി, വിദ്യാഭ്യാസം, സഹകരണം തുടങ്ങിയവയിലെല്ലാം കേന്ദ്രം ഇടപെടല്‍ നടത്തുകയാണ്.ഗവര്‍ണര്‍മാര്‍ ആര്‍ എസ് എസ് പ്രചാരകരാണ്.അത്‌കൊണ്ട് ഇവര്‍ സംസ്ഥാന ഭരണത്തില്‍ അന്യായമായി ഇടപെടുകയാണെന്നും എസ് ആര്‍ പി ആരോപിച്ചു.കോണ്‍ഗ്രസിന് ബി ജെ പിയെ നേരിടാനാകില്ല.ബി ജെ പിയുടെ രാജ്യദ്രോഹ നയങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്കാകില്ല.ബി ജെ പിക്കെതിരെ ഉറച്ചുനില്‍ക്കുന്നവരുമായി സി പി എം കൈകോര്‍ക്കും.ഈ വിഷയത്തില്‍ പ്രാദേശിക കക്ഷികള്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ തുടര്‍ഭരണം ലഭിച്ച ഇടതുപക്ഷത്തിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ഉയരത്തിലാണ്.ഇന്ന് എത്തിച്ചേര്‍ന്നിടത്ത് നിന്ന് പുതിയ തലത്തിലേക്ക് എത്തിക്കണമെന്നും എന്നാല്‍ ചൈനയോ റഷ്യയോ കൊറിയയോ ഇവിടെ ആവര്‍ത്തിക്കാനാകില്ലെന്നും എസ് ആര്‍ പി കൂട്ടിച്ചേര്‍ത്തു.

Latest News