ന്യൂദല്‍ഹി- ത്രിപുരയില്‍ സിപിഎമ്മിനെ തറപറ്റിച്ച് ബിജെപി അധികാരം പിടിച്ചടക്കിയതിനു തൊട്ടുപിന്നാലെ പൊട്ടിപ്പുറപ്പെട്ട വ്യാപക അക്രമവും സംഘര്‍ഷവും മുന്‍ ഇടതു സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ട് കേന്ദ്രത്തില്‍നിന്ന് സുരക്ഷ തേടിയിരുന്നതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു ജോലികള്‍ക്കായി വിന്യസിച്ച അര്‍ധസൈനിക വിഭാഗങ്ങളടക്കമുള്ള പ്രത്യേക സുരക്ഷാ സന്നാഹം തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിനു ശേഷവും നിലനിര്‍ത്തണമെന്നായിരുന്നു ഇടതു സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് സംഘര്‍ഷ സാധ്യത ഏറിവരുന്നതായുള്ള ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജനുവരിയിലാണ് ത്രിപുര സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഇതു ചെവികൊണ്ടില്ലെന്ന് ഒരു മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിനു സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 300 കമ്പനി സിആര്‍പിഎഫ് ജവാന്മാരെയാണ് ത്രിപുരയിലേക്കയച്ചത്. ഓരോ കമ്പനിയിലും 90-100 സൈനികര്‍ ഉണ്ടാകും. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതോടെ 246 കമ്പനി സൈനികരേയും കേന്ദ്രം പിന്‍വലിക്കുകയായിരുന്നു. ഫല പ്രഖ്യാപനത്തിനു ശേഷം സുരക്ഷയ്ക്കായി ചുരുങ്ങിയത് 75-80 കമ്പനി അര്‍ധസൈനികരെങ്കിലും വേണമെന്നാണ് ജനുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കേന്ദ്രം ബാക്കിയാക്കിയത് വെറും 54 കമ്പനി സൈനികരെ മാത്രമാണ്.
സിആര്‍പിഎഫ് ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ ത്രിപുര സര്‍ക്കാര്‍ പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷമുള്ള സുരക്ഷയ്ക്കായി സേനയെ അയക്കണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നില്ല. സംസ്ഥാനത്തിന്റെ മുന്‍കാല ചരിത്രവും കൂടി പരിഗണിച്ചായിരുന്നു- ഉദ്യോഗസ്ഥന്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍, ആഭ്യന്തര മന്ത്രാലയം, തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്നിവ ചേര്‍ന്നാണ് കേന്ദ്ര സേനയുടെ സഹായം തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് നിര്‍ണയിക്കുക. ഇങ്ങനെ അയക്കുന്ന സേന തെരഞ്ഞെടുപ്പിനു മുമ്പും, വോട്ടെടുപ്പു നടക്കുമ്പോഴും, ഫല പ്രഖ്യാപനത്തിന് ശേഷവും സംസ്ഥാനത്തിന്റെ ആവശ്യത്തിനനുസരിച്ച് ചുമതലയില്‍ തുടരണമെന്നതാണ് ചട്ടം. എന്നാല്‍ ത്രിപുര സര്‍ക്കാരിന്റെ ആവശ്യം അവഗണിച്ച് ഭൂരിപക്ഷം കേന്ദ്ര സേനയേയും ഫലപ്രഖ്യാപനത്തോടെ കേന്ദ്രം ത്രിപുരയില്‍നിന്ന് പിന്‍വലിച്ചതാണ് സംശയങ്ങള്‍ക്കിടയാക്കുന്നത്. ക്രമസമാധാനം സംസ്ഥാനത്തിന്റെ ചുമതല ആയതു കൊണ്ട് സംസ്ഥാന പോലീസാണ് പ്രതികരിക്കേണ്ടതെന്നാണ് മറ്റൊരു ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
ഫെബ്രുവരി 18-നാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച് മൂന്നിന് ഫലം പ്രഖ്യാപിച്ചു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകര്‍ വ്യാപക ആക്രമണം അഴിച്ചു വിടുകയായിരുന്നു. ബിജെപിയും അവരുടെ സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പള്‍സ് ഫ്രണ്ട്് ഓഫ് ത്രിപുര (ഐപിഎഫ്ടി)യുമാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതോടെ രാജ്യവ്യാപക പ്രതിഷേധവും വാക്പോരും ശക്തമായിരിക്കുകയാണ്.