Sorry, you need to enable JavaScript to visit this website.

കരള്‍ മാറ്റ ശസ്ത്രക്രിയ; മന്ത്രി വീണയുമായി സന്തോഷം പങ്കുവെച്ച് ദമ്പതികള്‍

കരള്‍ മാറ്റ ശസ്ത്രക്രിയക്കു വിധേയനായ സുബിനുമായി മന്ത്രി വീണ ജോര്‍ജ് വീഡിയോ കോളില്‍ സംസാരിക്കുന്നു.

കോട്ടയം - സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആദ്യ  കരള്‍മാറ്റിവെക്കല്‍ ശസ്്ത്രക്രിയക്കു വിധേയനായ നാല്‍പതുകാരന്‍ ജീവിതത്തിലേക്ക്്്. കരള്‍ പകുത്തു നല്‍കിയ ഭാര്യയുടെ ആരോഗ്യനിലയും തൃപ്തികരം. ആശുപത്രിയില്‍ കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശി സുബീഷിനേയും  ഭാര്യ പ്രവിജയേയും മന്ത്രി വീണാ ജോര്‍ജ് വീഡിയോകോളില്‍ വിളിച്ച് സംസാരിച്ചു.

രണ്ടുപേരും മന്ത്രിയുമായി സന്തോഷം പങ്കുവച്ചു. ഇരുവരുടേയും ആരോഗ്യനില ചോദിച്ചറിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞ് നേരിട്ട് കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതിനെ തുടര്‍ന്ന്്് തിങ്കളാഴ്ച രാത്രി ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരെ അഭിനന്ദിച്ചിരുന്നു. ശസ്ത്രക്രിയക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളെയും മന്ത്രി  നേരിട്ടുകണ്ട് സംസാരിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന സന്തോഷം അറിയിക്കുകയും ചെയ്തു.

രണ്ട് പേരേയും വെന്റിലേറ്ററില്‍നിന്ന് മാറ്റിയിട്ടുണ്ട്. ഇരുവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ സുബിന് അല്‍പനാള്‍ കൂടി തീവ്ര പരിചരണം ആവശ്യമാണ്.

തിങ്കളാഴ്ച്ച രാവിലെ ആറിന് ആരംഭിച്ച കരള്‍മാറ്റ ശസ്ത്രക്രിയ രാത്രി 11 മണിയോടെയാണ് പൂര്‍ത്തിയായത്. കഴിഞ്ഞമാസം ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ നടന്നിരുന്നില്ല. മറ്റൊരുദിവസം തീരുമാനിച്ചപ്പോള്‍ രോഗിക്കും ദാതാവിനും കോവിഡ്. കോവിഡ് വിമുക്തരായപ്പോള്‍ ദാതാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ മാറ്റിവെച്ചു.ശനിയാഴ്ച ഇരുവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്.

ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ്.സിന്ധുവിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ടെക്നീഷ്യന്മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഡോ. ജയകുമാറുമായും ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.

ഇതോടെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പത്തുവര്‍ഷത്തില്‍ മികച്ച നേട്ടം മെഡിക്കല്‍ കോളജിനു കൈവരിക്കാനായി. ഹൃദയവും വൃക്കകളും ശ്വാസകോശവും നേത്രപടലവും ഇവിടെ മാറ്റിവെയ്ക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ആദ്യ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയും വിജയകരമായി.രോഗിയുടെ ശരീരഭാഗങ്ങള്‍ മാറ്റിവെയ്ക്കുന്നതും അവയവങ്ങള്‍ മാറ്റി കൃത്രിമഭാഗങ്ങള്‍ വെയ്ക്കുന്നതിനുംപുറമേയാണ് മെഡിക്കല്‍ കോളേജിന് ഈ നേട്ടം.

 

 

 

 

Latest News