ഗോണ്ട- ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി ക്ഷത്രിയനായിരുന്നുവെന്നും ശ്രീരാമന്റെ സന്തതിയാണെന്നും ബി.ജെ.പി നേതാവും ലോക്‌സഭാംഗവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഉവൈസി തന്റെ പഴയ സുഹൃത്താണെന്നും അയാളുടെ ബന്ധം ഇറാനുമായല്ലെന്നു രാമന്റെ സന്തതി പരമ്പരയിലാണെന്നും സിംഗ് പറഞ്ഞു.
ഗോണ്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ മകന്‍ പ്രതീക് ഭൂഷണ്‍ സിംഗിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് കൈസര്‍ഗഞ്ചില്‍നിന്നുള്ള എം.പിയുടെ വിവാദ പ്രസ്താവന.
അഖിലേഷ് യാദവും ഉവൈസിയും മുസ്ലിം സമുദായത്തിന്റെ നേതൃത്വം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് സഖ്യത്തില്‍ ഏര്‍പ്പെടാത്തതെന്നും സിംഗ് പറഞ്ഞു.
അഖിലേഷ് വഞ്ചകനാണ്. അച്ഛനേയും അമ്മാവനേയും വഞ്ചിച്ചു. വഞ്ചനയാണ് അദ്ദേഹത്തിന്റെ തൊഴില്‍. സ്വാമി പ്രസാദ് മൗര്യയേയും വഞ്ചിച്ചു. 20-30 സീറ്റുകള്‍ പ്രതീക്ഷിച്ചാണ് മൗര്യ എസ്.പിയിലേക്ക് പോയത്. ഒന്നും കിട്ടിയില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകള്‍ക്കു മുമ്പാണ് യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ബി.ജെ.പി വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കുഷിനഗര്‍ ജില്ലയിലെ ഫാസില്‍നഗര്‍ മണ്ഡലത്തില്‍ എസ്.പി സ്ഥാനാര്‍ഥിയാണ് അദ്ദേഹം.
ഉത്തര്‍പ്രദേശില്‍ രണ്ട് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. ഇനി അഞ്ച് ഘട്ടം ബാക്കിയുണ്ട്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.