Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്ക് പി.സി.ആർ നെഗറ്റീവ് ആവശ്യമില്ല, നിയമം പ്രാബല്യത്തിൽ

റിയാദ്-സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്ന നിബന്ധന നിലവിൽ വന്നു. ഇന്ന് റിയാദിൽനിന്ന് യാത്ര പുറപ്പെടാനിരുന്ന സൗദിയ വിമാനം ഒഴിച്ച് ബാക്കിയുള്ള വിമാനങ്ങളിലെല്ലാം യാത്രക്കാർ പി.സി.ആർ ടെസ്റ്റില്ലാതെ യാത്ര ചെയ്തു. അതേസമയം, റിയാദിൽനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട സൗദിയ വിമാനത്തിൽ യാത്രക്കാരോട് പി.സി.ആർ ടെസ്റ്റ് വേണമെന്ന നിബന്ധന അധികൃതർ മുന്നോട്ടുവെച്ചു. ഇതിന്റെ പേരിൽ നിരവധി പേർക്ക് യാത്ര മുടങ്ങി. എന്നാൽ, ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത ആരോടും പി.സി.ആർ ടെസ്റ്റ്  ഫലം ചോദിച്ചില്ല. വാക്സിന്‍ എടുത്തതിന്‍റെ വിശദാംശങ്ങള്‍ മാത്രമാണ് ചോദിച്ചത്. മറ്റു വിമാനങ്ങളിലും പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലാതെ യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്. സൗദി അടക്കം 82 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇന്ന് മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. സൗദിക്ക് പുറമെ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും ഇന്ത്യയിലേക്ക് പുറപ്പെടാൻ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. രണ്ടു ഡോസ് വാക്‌സിൻ എടുത്താൽ മതി എന്നാണ് കേന്ദ്ര സർക്കാർ നിബന്ധന.

11.30 ന് റിയാദില്‍ കോഴിക്കോട്ടേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരോട് പിസിആര്‍ ചോദിച്ചില്ല. എയര്‍ സുവിധ രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തുന്നുണ്ട്. നാസ് എയറിനും പിസിആര്‍ ആവശ്യമില്ല. പിസിആര്‍ ടെസ്റ്റ് ഫലമോ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൂടെ കരുതിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു.

സൗദി എയര്‍ലൈന്‍സ് പിസിആര്‍ ടെസ്റ്റില്ലാത്തവരെ മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് യാത്രക്ക് അനുവദിക്കുകയായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ റാഫി പാങ്ങോട് പറഞ്ഞു. ആര്‍ക്കും വിമാനത്താവളത്തില്‍ വെച്ച് പിസിആര്‍ എടുക്കേണ്ടിവന്നിട്ടില്ല.

Latest News