അരീക്കോട്- കതിര് കൊയ്യാൻ കൃഷി മന്ത്രി എത്തിയതോടെ അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർ സെക്കൻഡറി
സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച കൊയ്ത്തുൽസവം നാടിന്റെ ആഘോഷമായി. അരീക്കോട് വെങ്ങേരി ചാലിപാടത്ത് നടന്ന കൊയ്ത്തുൽസവം കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.കെ ബഷീർ എം.എൽ.എ അധ്യക്ഷനായിരുന്നു.
ആരോഗ്യദായകവും വിഷരഹിതവുമായ കാർഷിക ഉത്പന്നങ്ങൾ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഉത്പാദിപ്പിക്കാൻ ശ്രമിക്കണമെന്നും ഇത്തരം പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലെത്തിക്കാൻ കഴിയുമെന്നും സുല്ലമുസലാം സ്‌കൂളിലെ വിദ്യാർഥികൾ ഇത്തരത്തിൽ മികച്ച മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക രംഗത്തേക്കു കടന്നുവരുന്നവർക്കു എല്ലാ പിന്തുണയും കൃഷി വകുപ്പിൽ നിന്നു ലഭിക്കുമെന്നു മന്ത്രി കൂട്ടിച്ചേർത്തു. അഞ്ചു വർഷമായി ചാലിപ്പാടത്ത് കൃഷിയിറക്കുന്ന വിദ്യാർഥികൾ
ഇത്തവണ പത്തു ഏക്കർ പാടത്താണ് നെൽകൃഷി ചെയ്യുന്നത്. കൊയ്ത്തിന് പാകമായ
40 സെന്റിലെ അതുല്യയിനത്തിൽപ്പെട്ട നെല്ലാണ് കൊയ്‌തെടുത്തത്. വെങ്ങേരിയിലെ യുവ കർഷകൻ നൗഷർ കല്ലടയുടെ സ്ഥലമാണ് വിദ്യാർഥികൾക്കു കൃഷിക്കായി നൽകിയത്.
കഴിഞ്ഞ ശിശുദിനത്തിലാണ് കുട്ടികർഷകർ ഇവിടെ കൃഷിയിറക്കുന്നത്. കൊയ്ത്തിനു പാകമായ കതിരുകൾ കൃഷി മന്ത്രിക്കും എംഎൽഎക്കുമൊപ്പം വിദ്യാർഥികൾ ആവേശപൂർവം കൊയ്‌തെടുത്തു. യുവ കർഷകൻ നൗഷർ കല്ലടയെയും മുതിർന്ന കർഷകർഷകരെയും മന്ത്രി പൊന്നാടയണിയിച്ചു ആദരിച്ചു. തുടർന്നു സ്‌കൂളിലെ എൻഎസ്എസും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സും ആരംഭിച്ച എന്റെ വീട്ടിലും ഒരു കൃഷി തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബുറഹ്മാൻ, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എൻ.വി അബ്ദുറഹ്മാൻ, അലുംനി അസോസിയേഷൻ പ്രതിനിധി അഡ്വ. പി.വി.എ മനാഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഖിയ ഷംസുദീൻ, വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.ടി അബ്ദുഹാജി, ആതിര സുധീവ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശരീഫ, കെ.ടി അഷ്‌റഫ്, റൈഹാനത്ത് കുറുമാടൻ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മുസൽമ, ഷിബിൻലാൽ, സി.സുഹൂദ്, സാദിൽ, ഷംജിദ മുസ്തഫ, ജില്ലാ കൃഷി ഓഫീസർ രുക്മിണി, മാനേജർ
എസ്.ഒ.എച്ച്.എസ്.എസ് കെ.അബ്ദുസലാം, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എം കോയ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൾ കരീം, ദിലീപ്, കൃഷി ഓഫീസർ പി. നജ്മുദീൻ, പി.ടി.എ പ്രസിഡന്റ് പി.സി ശബീബ്, എം.ടി.എ പ്രസിഡന്റ് എം.ജീന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹസിൻ ചോലയിൽ തുടങ്ങിയവർ പങ്കെടുത്തു.