ചണ്ഡീഗഢ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ തന്റെ ഹെലികോപ്റ്ററിന് പറക്കാന്‍ അനുമതി നല്‍കിയില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നി ആരോപിച്ചു. ഹോഷിയാര്‍പൂരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കാന്‍ പോകനിരിക്കുകയായിരുന്നു ചന്നി. ജലന്ദര്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രിയുടെ വരവ് കാരണം നോ ഫ്‌ളൈ സോണ്‍ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രി യാത്ര ചെയ്യാനിരുന്ന കോപ്റ്റര്‍ പിടിച്ചിട്ടു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് ഒരു മണിക്കൂറിലേറെ സമയം കാത്തിരിക്കേണ്ടി വന്നു.
ചരണ്‍ജീത് സിങ് ഒരു മുഖ്യമന്ത്രിയാണ്. അദ്ദേഹം ഒരു ഭീകരനല്ല. കോപ്റ്റര്‍ യാത്ര തടഞ്ഞത് ശരിയായ രീതിയല്ല- ചന്നി പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുക്കാനാണ് ചണ്ഡീഗഢില്‍ നിന്നും ഹോഷിയാര്‍പൂരിലേക്ക് ചന്നി പറക്കാനിരുന്നത്. എന്നാല്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഏറെ സമയം കാത്തിരുന്ന ശേഷം ചന്നി മടങ്ങി. ഇതോടെ രാഹുലിന്റെ റാലിയില്‍ അദ്ദേഹത്തിനു പങ്കെടുക്കാനായില്ല. ഹോഷിയാര്‍പൂരില്‍ ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കിയില്ലെന്നാണ് ചന്നി വ്യക്തമാക്കിയത്. അതേസമയം രാഹുല്‍ ഗാന്ധിയുടെ കോപ്റ്ററിന് ഹോഷിയാര്‍പൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു.
ജലന്ദറില്‍ പ്രസംഗിച്ച മോഡി സമാന രീതിയില്‍ 2014ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ പറക്കാന്‍ അനുവദിക്കാതിരുന്ന സംഭവം പരാമര്‍ശിക്കുകയും ചെയ്തു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ അമൃത്സറില്‍ പ്രചാരണത്തിന് വരാനിക്കുകയായിരുന്നു മോഡി. കോണ്‍ഗ്രസിന്റെ യുവരാജാവ് അമൃത്സറില്‍ ഉണ്ടായിരുന്നതിനാല്‍ തനിക്ക് പറക്കാന്‍ അനുമതി തന്നില്ലെന്ന് മോഡി പറഞ്ഞു. പ്രതിപക്ഷത്തെ തടയുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമാണെന്നും മോഡി ആരോപിച്ചു.