ന്യൂയോർക്ക്- ഫോബ്‌സ് ബിസിനസ് മാസിക പുറത്തിറക്കിയ ആഗോള സമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണ മൂന്നാമതായിരുന്നു ബെസോസിന്റെ സ്ഥാനം. 112 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. ആദ്യമായാണ് ഒരു സമ്പന്നൻ 100 ബില്യൺ ഡോളറിനു മുകളിൽ ആസ്തി സ്വന്തമാക്കിയതെന്ന് ഫോബ്‌സ് വ്യക്തമാക്കുന്നു. ഗേറ്റ്‌സിന്റേത് 90 ബില്യൺ ഡോളറാണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓഹരി വിപണിയിലെ മുടിചൂടാ മന്നൻ വാറൻ ബഫറ്റ് 84 ബില്യൺ ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനത്തുണ്ട്.
ഫോബ്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ 2,208 ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ റിലയൻസ് മേധാവി മുകേഷ് അംബാനി തന്നെയാണ്. 40.1 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അംബാനി ആഗോള സമ്പന്നരിൽ 19-ാം സ്ഥാനത്തേക്കു കുതിച്ചു കയറി. ഒരു വർഷത്തിനിടെ ആസ്തിയിൽ 16.9 ബില്യൺ ഡോളറിന്റെ വർധനവുണ്ടാക്കിയ അംബാനി 33ാം സ്ഥാനത്തു നിന്നാണ് 19ലെത്തിയത്. വിപ്രോ ഉടമ അസിം പ്രേംജി ഇന്ത്യയിൽ രണ്ടാമതെത്തി. 18.8 ബില്യൺ ഡോളർ ആസ്തിയുള്ള പ്രേംജി ആഗോള സമ്പന്നരിൽ 58ാമനാണ്. രാജ്യാന്തര ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിനെ പിന്തള്ളിയാണ് പ്രേംജി രണ്ടാമതെത്തിയത്. 18.5 ബില്യൺ ഡോളർ ആസ്തിയുമായി മിത്തൽ ഇന്ത്യയിൽ മൂന്നാമനും ആഗോള പട്ടികയിൽ 62ാമനുമായി.
ഫോബ്‌സ് പട്ടികയിലെ സമ്പന്ന മലയാളികളിൽ ലുലു ഗ്രൂപ്പ് മേധാവി എം.എ യുസുഫലിയാണ് ഒന്നാമത്. ഇന്ത്യയിൽ 19 സ്ഥാനത്ത്. 7.4 ബില്യൺ ഡോളർ ആസ്തിയുള്ള യുസുഫലി ആഗോള റാങ്കിങ്ങിൽ 388-ാം സ്ഥാനത്തെത്തി. ഹോട്ടൽ വ്യവസായിയും സമ്പന്നനുമായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും മുകളിലാണിത്. 3.1 ബില്യൺ ഡോളർ ആസ്തിയുള്ള ട്രംപിന്റെ സ്ഥാനം 766 ആണ്. മലയാളികളിൽ രണ്ടാമതെത്തിയ രവി പിള്ളയും ട്രംപിനു മുകളിലാണ്. ആഗോള റാങ്കിങ്ങിൽ 572ാം സ്ഥാനത്താണു പിള്ള. ജെംസ് എജുക്കേഷൻ ഗ്രൂപ്പ് മേധാവി സണ്ണി വർക്കി മലയാളികളിൽ മുന്നാമതെത്തി.
ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ യു.
എസിലെ 585 അതിസമ്പന്നരും ചൈനയിലെ 373 അതിസമ്പന്നരും ഇന്ത്യയിലെ 102 അതിസമ്പന്നരും ഉൾപ്പെട്ടു.
ഇന്ത്യയിലെ 10 അതിസമ്പന്നർ
1. മുകേഷ് അംബാനി
2. അസിം പ്രേംജി
3. ലക്ഷ്മി മിത്തൽ
4. ശിവ് നാടാർ
5. ദിലീപ് സാങ്‌വി
6. കുമാർ ബിർല
7. ഉദയ് കൊഡാക്
8. രാധാകൃഷ്ണ ദമാനി
9. ഗൗതം അദാനി
10. സൈറസ് പൂനവാല
കേരളത്തിലെ 10 അതിസമ്പന്നർ
1. എം എ യുസുഫലി
2. രവി പിള്ള
3. സണ്ണി വർക്കി
4. ക്രിസ് ഗോപാലകൃഷണൻ
5. പി എൻ സി മേനോൻ
6. ഷംസീർ വയലിൽ
7. ജോയ് ആലുക്കാസ്
8. ടി എസ് കല്യാണരാമൻ
9. എസ് ഡി ശിബുലാൽ
10. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി