Sorry, you need to enable JavaScript to visit this website.

വീണ്ടും ജയിച്ചാല്‍ മുസ്‌ലിംകള്‍ തൊപ്പിയൂരി പൊട്ടു തൊടുമെന്ന് ബിജെപി എംഎല്‍എ

ലഖ്‌നൗ- നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ രാഘവേന്ദ്ര സിങ്. താന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ മുസ് ലിംകള്‍ തൊപ്പി മാറ്റി പകരം പൊട്ട് തൊടേണ്ടി വരുമെന്ന് രാഘവേന്ദ്ര പ്രസംഗിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. കിഴക്കന്‍ യുപിയിലെ ദൊമരിയാഗഞ്ച് എംഎല്‍എയാണ് രാഘവേന്ദ്ര. 2017ല്‍ 200 വോട്ടുകള്‍ക്ക് ജയിച്ച ഇദ്ദേഹം ഇത്തവണയും മത്സരിക്കുന്നുണ്ട്. യുപയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പുറത്തു വന്ന വിദ്വേഷ പ്രസംഗം വിവാദമായിട്ടുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ തന്റേത് ഇസ്ലാമിക് തീവ്രവാദത്തെ എതിര്‍ത്ത് കൊണ്ടുള്ള സോപാധിക സംസാരം മാത്രമായിരുന്നു ഇതെന്ന പ്രതികരണവുമായി രാഘവേന്ദ്ര രംഗത്തുവന്നു.

ഇവിടെ ഇസ്ലാമിക ഭീകര്‍ ഉണ്ടായിരുന്നപ്പോള്‍ ഹിന്ദുക്കളെ തൊപ്പി അണിയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ പറഞ്ഞത് സോപാധികം ആണ്. ഹിന്ദുവിന്റെ അഭിമാനത്തിന് വേണ്ടി ഏതു ത്യാഗത്തിനും ഞാന്‍ ഒരുക്കമാണ്. എന്നെ തോല്‍പ്പിക്കാന്‍ മുസ്ലിംകള്‍ ആകുന്ന ശ്രമങ്ങളെല്ലാം നടത്തുകയാണെങ്കില്‍ ഞാന്‍ മിണ്ടാതിരിക്കില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്- രാഘവേന്ദ്ര പ്രതികരിച്ചു. 

വിദ്വേഷ പ്രസംഗം വീഡിയോ വൈറലായതോടെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച തീവ്രഹിന്ദുത്വവാദി സംഘടനയായ ഹിന്ദു യുവ വാഹിനിയുടെ യുപി ചുമതല വഹിക്കുന്ന ആള്‍കൂടിയാണ് രാഘവേന്ദ്ര സിങ്. 

താന്‍ വീണ്ടും എംഎല്‍എ ആയാല്‍ തൊപ്പികളെല്ലാം അദൃശ്യമാകുമെന്നും മുസ്ലിംകള്‍ പൊട്ടു ചാര്‍ത്തുമെന്നുമായിരുന്നു രാഘവേന്ദ്രയുടെ വിദ്വേഷ പ്രസംഗം. ആദ്യമായാണ് ഈ മണ്ഡലത്തില്‍ ഇത്രയധികം ഹിന്ദുക്കള്‍ മത്സരിക്കുന്നത്. ദൊമരിയാഗഞ്ചില്‍ സലാം ആണോ ജയ് ശ്രീറാം ആണോ ബാക്കിയായുക? -എന്നും അദ്ദേഹം പ്രസംഗിച്ചു. 

കിഴക്കന്‍ യുപിയില്‍ ബിജെപി നേതാക്കള്‍ സാമുദായിക ധ്രൂവീകരണമുണ്ടാക്കുന്ന കടുത്ത വിദ്വേഷ പ്രചരണങ്ങളാണ് നടത്തിവരുന്നത്. ഈ മേഖലയില്‍ നിന്ന് നിരവധി പിന്നോക്ക നേതാക്കള്‍ ബിജെപി വിട്ടിരുന്നു.
 

Latest News