തിരുവനന്തപുരം- മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പത്തു ലക്ഷം രൂപ നഷ്പരിഹാരം നൽകണമെന്ന വിധിക്ക് തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ അനുവദിച്ചു. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ട കേസിൽ സബ് കോടതി നൽകിയ ഉത്തരവാണ് ജില്ലാ കോടതി ഉപാധികളോടെ സ്‌റ്റേ ചെയ്തത്. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. അന്ന് ഇരുഭാഗത്തിനും വാദങ്ങൾ ഉന്നയിക്കാം. 2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ വി.എസ് ആരോപണം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടി ഒരു കമ്പനി രൂപീകരിച്ച് അഴിമതി നടത്തി എന്നായിരുന്നു ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടത്തിന് കേസ് നൽകിയത്. ഇതിൽ പത്തു ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് വി.എസ് നൽകണമെന്ന് സബ് കോടതി ഉത്തരവിടുകയായിരുന്നു. ഈ വിധിക്കാണ് സ്‌റ്റേ.