സൂറത്ത്- വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയില്‍ ട്രക്കിടിച്ചു. അപകടത്തില്‍നിന്ന് തൊഗാഡിയ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തന്നെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്ന് തൊഗാഡിയ ആരോപിച്ചു. വഡോദരയില്‍നിന്ന് സൂറത്തിലേക്ക് വരുന്ന വഴിയിലായിരുന്നു അപകടം. സംഘ്പരിവാര്‍ നേതൃത്വം തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി നേരത്തേയും തൊഗാഡിയ ആരോപിച്ചിരുന്നു. ട്രക്ക് െ്രെഡവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള എനിക്ക് ഇന്ന് പോലീസ് എസ്‌കോര്‍ട്ട് വന്നില്ല. എന്റെ യാത്രകളെ കുറിച്ച് മുന്‍കൂട്ടി പോലീസിനെ വിവരമറിയിച്ചിരുന്നു. സുരക്ഷയില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കും- തൊഗാഡിയ പറഞ്ഞു. ബുള്ളറ്റ് പ്രൂഫ് അടക്കം അതീവ സുരക്ഷയുള്ള വാഹനമായിരുന്നതിനാലാണ് ജിവനോടെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തിന് തൊട്ടുപിന്നാലെ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് തന്നെ വധിക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന ആരോപണം തൊഗാഡിയ ആവര്‍ത്തിച്ചത്. വൈകുന്നേരം സൂറത്തിലെത്തുമെന്ന് പോലീസിനെ അറിയിച്ചതായിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷാ മാനദണ്ഡം അനുസരിച്ച് രണ്ട് വാഹനങ്ങളുടെ സുരക്ഷാ അകമ്പടി ഉണ്ടായിരിക്കണം. എന്നാല്‍ എന്റെ കാറിനു മുന്നിലായി ഒരു അകമ്പടി വാഹനം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വാഹനത്തിന്റെ പിന്നില്‍ വന്നിടിച്ച ട്രക്ക് ബ്രേക്കിടാതെ അല്‍പ്പം ദൂരത്തേക്ക് വലിച്ചു കൊണ്ടു പോയി. വി.എച്ച.്പിയില്‍നിന്നു എന്നെ പുറത്താക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഈ അപകടം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം വേണം. ട്രക്ക് െ്രെഡവറുടെ പങ്കും അന്വേഷിക്കണം- തൊഗാഡിയ പറഞ്ഞു.
തൊഗാഡിയ പ്രതിയായ മുന്‍ ബി.ജെ.പി മന്ത്രി ആത്മാറാം പട്ടേലിനെതിരായ വധശ്രമക്കേസ് 21 വര്‍ഷങ്ങള്‍ക്കു ശേഷം പോലീസ് വീണ്ടും അന്വേഷിക്കുന്നത് അസാധാരണമാണെന്നും തൊഗാഡിയ പറഞ്ഞു. ജനങ്ങള്‍ എന്നെ പിന്തുണച്ച് രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് അവസാനിപ്പിച്ചതായിരുന്നു ആത്മാറാം പട്ടേല്‍ കേസ്. അതുപോലെ രാജസ്ഥാനിലെ മറ്റൊരു കേസും വീണ്ടും കുത്തിപ്പൊക്കി എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങളുണ്ടായി-തൊഗാഡിയ പറഞ്ഞു.