മുള്‍ത്താന്‍- പാക്കിസ്ഥാനില്‍ പള്ളിയില്‍ കയറി വിശുദ്ധ ഖുര്‍ആന്‍ കത്തിച്ചയാളെ ആള്‍ക്കൂട്ടം എറിഞ്ഞുകൊന്നു. കിഴക്കന്‍ പാക്കിസ്ഥാനിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. ഖുര്‍ആന്‍ കത്തിക്കുന്നത് കണ്ടുവെന്ന് പോലീസില്‍ അറിയിക്കുന്നതിനുമുമ്പ് പള്ളി ഭാരവാഹി നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ആള്‍ക്കൂട്ടം തടിച്ചുകൂടിയതെന്ന് പോലീസ് വക്താവ് ചൗധരി ഇംറാന്‍ പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാല്‍ ജില്ലയിലെ ഗ്രാമത്തില്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം കല്ലേറ് തുടങ്ങുകയായിരുന്നു. പോലീസ് ഓഫിസര്‍ മുഹമ്മദ് ഇഖ്ബാലിന് ഗുരുതരമായി പരിക്കേറ്റു. മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കുണ്ട്.
കൂടുതല്‍ പോലീസുകാരെ എത്തിക്കുമ്പോഴേക്കും കല്ലെറിഞ്ഞു കൊന്നയാളുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കിയിരുന്നുവെന്ന് തുലംബ പോലീസ് സ്‌റ്റേഷന്‍ മേധാവി മുനവര്‍ ഗുജ്ജാര്‍ പറഞ്ഞു. സമീപ ഗ്രാമത്തിലെ മുശ്താഖ് അഹ്‌മദ് എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്.
15 വര്‍ഷമായി മാനസികാസ്വസ്ഥ്യമുള്ള ഇയാളെ ഇടക്കിടെ കാണാതാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കുടുംബത്തിനു കൈമാറി.