മംഗളുരു- മുസ്ലിം വിദ്യാര്‍ത്ഥികള്‍ തട്ടമിട്ട് സ്‌കൂളുകളിലും കോളെജുകളിലും വരുന്നതിനെതിരെ തീവ്രഹിന്ദുത്വ വാദികള്‍ ഇളക്കി വിട്ട കോലാഹലത്തിന്റെ പശ്ചാത്തലത്തില്‍ ഉഡുപി ബിജെപി എംഎല്‍എ രഘുപതി ഭട്ട് രക്ഷിതാക്കളേയും രാഷ്ട്രീയ, മത നേതാക്കളേയും പങ്കെടുപ്പിച്ച് സമാധാന യോഗം വിളിച്ചു ചേര്‍ത്തു. പ്രത്യേക യൂനിഫോം ചട്ടം നിലവില്ലാത്ത സ്‌കൂളുകളിലും കോളെജുകളിലും ഹിജാബ് അനുവദിക്കാമെന്ന് യോഗം തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ മതപരമായ വേഷം ധരിക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് യുനിഫോം ചട്ടം നിലവിലുള്ള സ്ഥാപനങ്ങളില്‍ നടപ്പിലാക്കാനും തീരുമാനിച്ചതായും ഭട്ട് പറഞ്ഞു. ജില്ലാ പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍, പി യു കോളെജ് വികസന സമിതി വൈസ് പ്രസിഡന്റ് യശ്പാല്‍ സുവര്‍ണ, ഉഡുപ്പി സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റും ബിജെപി നേതാവുമായ സുമിത്ര നായക് തുടങ്ങിയവുരും യോഗത്തില്‍ പങ്കെടുത്തു.