Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍മാരുടെ അമിതാധികാര പ്രയോഗത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഒന്നിച്ചു നേരിടുമെന്ന് സ്റ്റാലിന്‍

ചെന്നൈ- ഗവണര്‍മാര്‍ ഭരണഘടനയെ മറികടന്ന് നഗ്നമായി അധികാരം ദുര്‍വിനിയോഗിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗം ചേരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍മാര്‍ ഭരണഘടനയെ മറികടന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കയറിയിച്ച്് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്ന കാര്യം മമതയാണ് നിര്‍ദേശിച്ചതെന്നും സ്റ്റാലിന്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം മുറുകെ പിടിക്കുന്നതിന് ഡിഎംകെ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ബംഗാളിനു പുറമെ തമിഴ്‌നാട്ടിലും ദല്‍ഹിയിലും ഛത്തീസ്ഗഢിലും ഗോവയിലും ഗവര്‍ണമാരും മുഖ്യമന്ത്രിമാരും തമ്മിലുള്ള ഉടക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെ മറികടക്കുന്ന ബില്ല് തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടു വന്നപ്പോള്‍ അത് ഗവര്‍ണര്‍ തടഞ്ഞത് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ബില്ല് വീണ്ടും ഗവര്‍ണര്‍ക്ക് അയക്കാനാണ് തമിഴ്‌നാടിന്റെ തീരുമാനം. ബംഗാളില്‍ ഗവര്‍ണറു മുഖ്യമന്ത്രിയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുകയാണ്. ഗവര്‍ണര്‍ ഭരണഘടനാ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നതിനെതിരെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രമേയം പാസാക്കാനിരിക്കുയാണ് മമതാ സര്‍ക്കാര്‍. നേരത്തെ ട്വിറ്ററില്‍ മമത ഗവര്‍ണറെ ബ്ലോക്ക് ചെയ്തിരുന്നു. സംസ്ഥാനത്ത് ജനാധിപത്യത്തെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.
 

Latest News