തൃശൂര്‍ - തൃശൂര്‍ ശക്തന്‍ നഗറില്‍ മല്‍സ്യമാര്‍ക്കറ്റ് ഹൈടെക് ആക്കുന്നതിന് ഒരു കോടി അനുവദിച്ചതിന് പിന്നാലെ തൃശൂര്‍ നഗരത്തിന്റെ വികസനത്തിന് സഹായം തേടി നടനും രാജ്യസഭാ അംഗവുമായ സുരേഷ്‌ഗോപി കേന്ദ്ര ധനമന്ത്രിയെ കണ്ടു. സുരേഷ് ഗോപി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജില്‍ ഇത് പങ്കുവെച്ചത്.
അടുത്ത തവണ ഇങ്ങനെയൊരു കൂടിക്കാഴ്ചയില്‍ തൃശൂര്‍ മേയറും ഒപ്പം ഉണ്ടായിരിക്കുമെന്ന കുറിപ്പോടെയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം സുരേഷ്‌ഗോപി പങ്കുവെച്ചത്. തൃശൂരിന്റെ ആവശ്യങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് മുന്നില്‍ എത്തിച്ച സുരേഷ്‌ഗോപി എം.പിക്ക് ഒരായിരം നന്ദി എന്ന് അറിയിച്ച് മേയര്‍ എം.കെ വര്‍ഗീസ് മേയറുടെ ഔദ്യോഗിക പേജില്‍ അറിയിച്ചത്. ഇത് ഏറ്റെടുത്താണ് ബി.ജെ.പിയുടെ ക്യാമ്പയിന്‍ നടക്കുന്നത്.
തൃശൂര്‍ ജയിപ്പിച്ച് വിട്ട പാര്‍ലമെന്റംഗം എവിടെയെന്നും പരാജയപ്പെടുത്തിയ എം.പി നാടിന്റെ വികസനത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍, മറ്റൊരു സംസ്ഥാനത്തെ കാര്യത്തില്‍ തൃശൂര്‍ എം.പി ഇംഗ്‌ളീഷ് പഠിക്കുകയാണെന്ന് പ്രതാപന്റെ പാര്‍ലമെന്റിലെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി ട്രോളുന്നു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും, പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും സുരേഷ്‌ഗോപിയുടെ പ്രഖ്യാപനമായിരുന്നു തോറ്റാലും താന്‍ തൃശൂരിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന്. തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണത്തിനിടയിലായിരുന്നു ശക്തനിലെ മല്‍സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വാഗ്ദാനം മറന്നില്ല. എം.പി ഫണ്ടില്‍ നിന്നും ഒരു കോടി അനുവദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശക്തന്‍ നഗറിലെ വികസനത്തിനായി കേന്ദ്ര സഹായം വേണമെന്ന മേയറുടെ അഭ്യര്‍ഥനയും ഇത് സംബന്ധിച്ച നിവേദനവും നല്‍കിയിരുന്നു. ഉടന്‍ കേന്ദ്ര ധനമന്ത്രിയെ കാണുമെന്നായിരുന്നു കഴിഞ്ഞ മാസം കോര്‍പ്പറേഷനില്‍ മേയറുമായുള്ള കൂടിക്കാഴ്ചയില്‍ സുരേഷ്‌ഗോപി ഉറപ്പ് നല്‍കിയത്. ഇതിനെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച.
നേരത്തെ ശക്തന്‍ നഗര്‍ മല്‍സ്യമാര്‍ക്കറ്റിന് തുക അനുവദിച്ചതും മേയര്‍ നന്ദി അറിയിച്ചതും കോണ്‍ഗ്രസിനും ടി.എന്‍.പ്രതാപനുമെതിരെ ബി.ജെ.പി ആയുധമാക്കിയിരുന്നു. വിജയിച്ച എം.പി കോര്‍പ്പറേഷന്‍ പരിപാടികളില്‍ സഹകരിക്കുന്നില്ലെന്നും സഹായങ്ങള്‍ നല്‍കുന്നില്ലെന്നും മേയര്‍ തന്നെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. അതേ സമയം 2024 ലോകസഭാ തെരഞ്ഞെുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂര്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളിലാണ് സുരേഷ്‌ഗോപി. മാസത്തില്‍ രണ്ട് തവണയെങ്കിലും തൃശൂരിലെത്തുകയും പരിപാടികള്‍ സംഘടിപ്പിക്കുകയും പ്രമുഖരെ സന്ദര്‍ശിക്കുകയുമൊക്കെയായി അദ്ദേഹം സജീവമാണ്.