ബംഗളുരു- കർണാടക ഹൈക്കോടതി മുൻ ജഡ്ജും സംസ്ഥാന ലോകായുക്തയുമായ ജസ്റ്റിസ് വിശ്വനാഥ് ഷെട്ടിയെ ആക്രമി ഓഫീസിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു. വയറിന് മൂന്ന് കുത്തേറ്റ് ഗുരുതരാവസ്ഥയിലായ ജസ്റ്റിസ് ഷെട്ടിയെ ഉടൻ ആശുപത്രിയിലേക്കു മാറ്റി. പരാതി നൽകാനെന്ന വ്യാജേന അഭിഭാഷക വേഷത്തിൽ ലോകായുക്ത ഓഫീസിലെത്തിയ ആക്രമിയെ പോലീസ് സംഭവ സ്ഥലത്തു വച്ചു തന്നെ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഷെട്ടിയുടെ ചേംബറിൽ നിന്നും നിലവിളി കേട്ട്് ഓടിയെത്തിയ ഓഫീസ് ജീവനക്കാരും സുരക്ഷാ ചുമതലയുള്ള പോലീസും ചേർന്നാണ് പ്രതി തേജസ് ശർമയെ പിടികൂടിയത്. ഇയാളെ വിധാൻ സൗധ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ജസ്റ്റിസ് ഷെട്ടിയുടെ ചേംബറിലേക്ക് കയറിയ ഉടൻ ഇയാൾ ശരീരത്തിലൊളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു.
തുംകുരുവിൽ നിന്നുള്ള ഒരു കോൺട്രാക്ടറാണ് ശർമയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെണ്ടർ നൽകിയതുമായി ബന്ധപ്പെട്ട് ലോകായുക്തയിൽ ഇയാൾ പരാതി നൽകിയിരുന്നു. ഒറ്റയ്‌ക്കെത്തിയാണ് ജഡ്ജിയെ ആക്രമിച്ചത്. ജസ്റ്റിസ് ഷെട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡഡി പറഞ്ഞു.