ഷിംല- പ്രമുഖ ബോളിവൂഡ് നടൻ ജീതേന്ദ്രയ്‌ക്കെതിരെ ഷിംല പോലീസ് ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തു. 47 വർഷം മുമ്പ് നടൻ തന്നെ പീഡിപ്പിച്ചുവെന്ന് ബന്ധുവായ സത്രീയുടെ പരാതിയിലാണ് കേസ്. ജീതേന്ദ്രയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇവർ ഹിമാചൽ പ്രദേശ് പോലീസ് മേധാവിക്ക് ഇമെയിൽ മുഖേനയാണ് പരാതി നൽകിയത്. സംഭവം നടക്കുമ്പോൾ തനിക്ക് 18ഉം ജീതേന്ദ്രയ്ക്ക് 28ഉം ആയിരുന്നു പ്രായമെന്ന് ഇവർ പറയുന്നു.
ഏതാനും മാസം മുമ്പ് ലോകമൊട്ടാകെ സ്ത്രീകൾ തങ്ങൾക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തു വന്ന മീ ടൂ ക്യാമ്പയിനാണ് തനിക്കു പരാതി നൽകാൻ ഊർജ്ജം നൽകിയതെന്ന് ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ പറഞ്ഞിരുന്നു. ഈ സംഭവം അറിഞ്ഞാൽ തകർന്നു പോകുമായിരുന്ന തന്റെ മാതാപിതാക്കളുടെ മരണ ശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചത്.
പിതാവിന്റെ സമ്മതത്തോടെ സിനിമ ഷൂട്ടിംഗിന് ജീതേന്ദ്ര തന്നെ കൂടെ കൊണ്ടു പോകുമ്പോൾ പ്രായം 18ലേക്ക് കടന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ഹോട്ടൽ മുറിയിൽ വച്ചാണ് ജീതേന്ദ്ര പീഡിപ്പിച്ചതെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.
കേസെടുത്ത പശ്ചാത്തലത്തിൽ ഇവരെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി മൊഴിയെടുക്കും. സംഭവം നടന്ന ഹോട്ടൽ മുറിയിൽ താമസിച്ചിതിനുള്ള തെളിവുകൾ ഹാജരാക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.