പാട്യാല- കോണ്‍ഗ്രസിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടിയുണ്ടാക്കി ബിജെപിയോടൊപ്പം കൂടിയ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ഭാര്യയും കോണ്‍ഗ്രസ് എംപിയുമായ പ്രിനീത് കൗര്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു. അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്കു വേണ്ടി ബിജെപി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രിനീത് പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമരീന്ദറിന്റെ പിഎല്‍സിയും എഎഡി സംയുക്തുമാണ് ബിജെപിയുടെ സഖ്യകക്ഷികള്‍. പാട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് പ്രിനീത്. സ്വന്തം തട്ടകമായ പാട്യാല നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അമരീന്ദര്‍ പുതിയ പാര്‍ട്ടിയുടെ ബാനറില്‍ ജനവിധി തേടുന്നത്.
അമരീന്ദര്‍ കോണ്‍ഗ്രസുമായി ഉടക്കിയ ശേഷം പ്രിനീതും പാര്‍ട്ടിയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചരണങ്ങളിലും അവര്‍ പങ്കെടുക്കുന്നില്ല. ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതോടെ അവരും വൈകാതെ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. പ്രിനീത് ഒന്നുകില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിനിറങ്ഹുകയോ അല്ലെങ്കില്‍ രാജിവെക്കുകയോ ചെയ്യണമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാട്യാല അര്‍ബന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിഷ്ണു ശര്‍മ ആവശ്യപ്പെട്ടിരുന്നു. താന്‍ കുടുംബത്തോടൊപ്പമാണെന്നും കുടുംബമാണ് തനിക്ക് മറ്റെന്തിനേക്കാളും വലുതെന്നും വ്യാഴാഴ്ച പ്രിനീത് പ്രതികരിച്ചിരുന്നു.