താനെ- മഹാരാഷ്ട്രയിലെ താനെയിൽ കാമുകിക്കൊപ്പം ബൈക്ക് യാത്രയ്ക്കിറങ്ങിയ 26കാരനായ യുവാവിനെ അജ്ഞാത ആക്രമി വെടിവച്ചിട്ട ശേഷം കാമുകിയെ പിടികൂടി ബലാൽസംഗം ചെയ്യുകയും ഇവരുടെ മൊബൈൽ ഫോൺ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കവർന്ന് മുങ്ങുകയും ചെയ്തു. പ്രതിയെ കുറിച്ച് പോലീസിനു ഒരു വിവരവും ലഭിച്ചില്ല. സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായ അംബർനാഥ് തിത്വാല റോഡിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്.
ഷാപൂർ സ്വദേശിയായ കൊല്ലപ്പെട്ട യുവാവ് ഒരു ചൈനീസ് റസറ്ററന്റിൽ ഷെഫ് ആയി ജോലി നോക്കുകയായിരുന്നു. ഒഴിവു ദിവസം കാമുകിയേയും കൂട്ടി ബൈക്കിൽ ദീർഘദൂര വിനോദ യാത്രയ്ക്കിറങ്ങിയതായിരുന്നു. അംബർനാഥ്തിത്വാല റോഡിൽ വിജനമായ ഒരിടത്ത് മൂത്രമൊഴിക്കാനായി നിർത്തിയ സമയത്താണ് ആക്രമണം ഉണ്ടായത്. ബൈക്കിനരികെ കാത്തു നിൽക്കുകയായിരുന്ന യുവതിയെ ആക്രമി പിടികൂടുകയും മൊബൈൽ ഫോണും പേഴ്‌സും ആവശ്യപ്പെടുകയായിരുന്നു. ഇതു കണ്ട് രക്ഷിക്കാനായി ഓടി എത്തിയ യുവാവിനു നേരെ ആക്രമി നാലു തവണ വെടിവച്ചു. മൊബൈലും പണവും നൽകാൻ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു വെടിവയ്പ്പ്. പിന്നീട് യുവതിയെ ബലാൽസംഗം ചെയ്ത ശേഷം മൊബൈൽ ഫോണും പണവും കവർന്ന് പ്രതി മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
റോഡരികിൽ സഹായത്തിനായി നിലവിളിച്ച യുവതിയെ അതുവഴി വന്ന മറ്റൊരാളുടെ സഹായത്തോടെയാണ് തിത്വാല പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി വെടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുമ്പെ യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു.
സംഭവം അന്വേഷിക്കാൻ താനെ െ്രെകംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും പോലീസിന്് ഒരു തുമ്പും ലഭിച്ചില്ല.