മംഗളരുരു- കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ എല്ലാ ഹൈസ്‌കൂളുകളുയേും പരിസരത്തും ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളിലും കോളെജുകളിലും മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് (തട്ടം) ധരിക്കുന്നതിനെതിരെ തീവ്രഹിന്ദുത്വ വാദികള്‍ തുടക്കമിട്ട പ്രതിഷേധം ആക്രമാസക്തമാകുന്നത് തടയാനാണ് നടപടി. സമാധാനന്തരീക്ഷം നിലനിര്‍ത്താനാണ് ക്രിമിനല്‍ നടപടി ചട്ടം 144 എര്‍പ്പെടുത്തിയിരിക്കുന്നത്. ഹിജാബിനെതിരെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമാണ് ഉഡുപ്പി. മതവിശ്വാസ പ്രകാരം തട്ടമിട്ട് ക്ലാസിലിരിക്കാനുള്ള ഭരണഘടനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികളും പ്രതിഷേധവുമായി രംഗത്തുണ്ട്.
എല്ലാ പ്രീയൂനിവേഴ്‌സിറ്റി കോളെജുകള്‍ക്കും സര്‍ക്കാര്‍ നേരത്തെ ഫെബ്രുവരി 15 വരെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിക്കണമെന്നും തട്ടമിടാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച കര്‍ണാടക ഹൈക്കോടതിയില്‍ വാദം കേള്‍ക്കല്‍ തുടരും. കേസില്‍ വിധി വരുന്നത് വരെ മത വേഷം ധരിച്ച് ക്ലാസില്‍ വരരുതെന്ന് ഹൈക്കോടതി വിദ്യാര്‍ത്ഥികളോട് നേരത്തെ നിര്‍ദേശിച്ചിരുന്നു.