Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിൽ മുസ്ലിം വിരുദ്ധ കലാപം കത്തിപ്പടരുന്നു; സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം

കൊളംബോ- മുസ്ലിംകൾക്കെതിരായ ബുദ്ധ തീവ്രവാദികളുടെ വംശീയാക്രമണം രൂക്ഷമായ ശ്രീലങ്കയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കലാപങ്ങൾക്ക് അറുതിയായില്ല. രാജ്യത്തിന്റെ മധ്യമേഖലകളിൽ മുസ്ലിം പള്ളികളും മുസ്്‌ലിംകൾ നടത്തുന്ന ഷോപ്പുകളും വ്യാപകമായി തീവച്ചു നശിപ്പിക്കുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതായാണ് പുതിയ റിപ്പോർട്ടകൾ. മൂന്ന് ദിവസമായി പോലീസ് ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നതിനിടെ രണ്ട് ടൗണുകളിൽ ബുധനാഴ്ചയും വ്യാപകമായ ആക്രണങ്ങൾ അരങ്ങേറി. ഇവിടെ മുസ്ലിം വിരുദ്ധ വർഗീയ കലാപം ആളിപ്പടരുകയാണെന്ന് പ്രദേശ വാസികളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ കലാപം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, വൈബർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സൈറ്റുകൾക്കും ആപ്പുകളും സർക്കാർ നിരോധിച്ചിരിക്കുകയാണെന്ന് ഇന്റർനെറ്റ് കമ്പനികൾ വ്യക്തമാക്കി. കലാപം രൂക്ഷമായ സെൻട്രൽ ഹിൽസ് മേഖലയിലാണ് നിരോധനം. ഈ മേഖലയ്ക്കു  പുറത്തുള്ളവർക്കും ഈ സൈറ്റുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്. ബുദ്ധ വിഭാഗക്കാരായ ആൾക്കൂട്ടം മുസ്ലിംകളെ തെരഞ്ഞുപിടിച്ച് നടത്തുന്ന ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമങ്ങൾക്ക് വലിക്ക് വന്നത്. 

തിങ്കളാഴ്ചയാണ് ബുദ്ധിസ്റ്റ് സിംഹള വിഭാഗക്കാർ ന്യൂനപക്ഷങ്ങളായ മുസ്ലിംകൾക്കു നേരെ വംശീയ കലാപം അഴിച്ചു വിട്ടത്. ഒരു സിംഹള ബുദ്ധ യുവാവിനെ മുസ്ലിംകൾ ആക്രമിച്ചെന്നാരോപിച്ചായിരുന്നു തുടക്കം.
 

Latest News