മുംബൈ- ബോളിവുഡ് നടി ശില്‍പഷെട്ടി, സഹോദരി ഷമിത ഷെട്ടി, അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്ക് വായ്പ തിരിച്ചടക്കാത്ത കേസില്‍ കോടതി സമന്‍സ് അയച്ചു. വായ്പയെടുത്ത 21 ലക്ഷം രൂപ തിരിച്ചടച്ചില്ലെന്ന വ്യാപാരിയുടെ പരാതിയില്‍ മൂവരും ഈ മാസം 28 നു മുമ്പ കോടതിയില്‍ ഹാജരാകണമെന്നാണ് അന്ധേരി കോടതി ഉത്തരവിട്ടത്.
ഓട്ടാമൊബൈല്‍ ഏജന്‍സി ഉടമ മൂന്നുപേര്‍ക്കുമെതിരെ നിയമസ്ഥാപനം വഴിയാണ് കോടതിയെ സമീപിച്ചത്. ശില്‍പയുടെ അന്തരിച്ച പിതാവാണ് വായ്പയെടുത്തതെന്നും 2017 ജനുവരിയില്‍ പലിശ സഹിതം തുക തിരിച്ചടക്കേണ്ടതായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
ശില്‍പയുടെ പിതാവ് സുരേന്ദ്ര 18 ശതമാനം പലിശക്ക് 2015 ലാണ് വായ്പ എടുത്തിരുന്നത്. വായ്പ ആവശ്യപ്പെട്ടപ്പോള്‍ സുരേന്ദ്ര ഭാര്യയുടേയും മക്കളുടേയും പേരുകളാണ് ഉറപ്പിനായി നല്‍കിയിരുന്നത്. സുരേന്ദ്രയുടെ പേരില്‍ നല്‍കിയിരുന്ന ചെക്ക് ബാങ്കില്‍നിന്ന് മടങ്ങുകയായിരുന്നു.
വായ്പ തിരിച്ചടക്കാതെ 2016 ഒക്ടോബര്‍ 11 ന് മരിച്ചു. തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ ശില്‍പ ഷെട്ടിയും അമ്മ സുനന്ദ ഷെട്ടിയും സഹോദരി ഷമിതയും വിസമ്മതിച്ചുവെന്ന് ഹരജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുക തിരിച്ചടക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് മൂവരുടേയും വാദമെന്നും ഹരജിയില്‍ പറഞ്ഞു.