ഗാന്ധിനഗർ- വീട്ടിൽ നിന്നു പുറത്തിറങ്ങരുതെന്ന ഹിന്ദുത്വ തീവ്രവാദികളുടെ ആജ്ഞ ലംഘിച്ചെന്നാരോപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ മുസ്ലിം മധ്യവയസ്‌കയേയും മകനേയും മർദ്ദിച്ചു. ഗാന്ധിനഗറിലെ ഛത്രാലിലാണ് വർഗീയ ആക്രമണം ഉണ്ടായത്്. 52 കാരിയായ രോഷൻബിവിയുടെ മൂന്ന് വിരലുകൾ ആക്രമികൾ വെട്ടിമാറ്റി. മർദ്ദനമേറ്റ 32കാരനായ മകൻ ഫർസാന്റെ കൈ ഒടിയുകയും തലയോട്ടി പൊട്ടുകയും ചെയ്തു. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഛത്രാലിലെ മുസ്്‌ലിം ഭൂരിപക്ഷ മേഖലയായ കസബാവാസിലൂടെ കഴിഞ്ഞ ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിന്റെ വാർഷികം ആഘോഷിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ മാർച്ച് നടത്തിയതു മുതൽ ഇവിടെ സംഘർഷാവസ്ഥ ഉണ്ടെന്ന് പ്രദേശത്തെ സാമൂഹിക പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഒരു അടിപടി ഉണ്ടായതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ രൂക്ഷമായത്. എന്നാൽ ഈ അടിപിടി എങ്ങനെ ഉണ്ടായി എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. തിങ്കളാഴ്ച രാവിലെ എത്തിയ ബജ്‌റംഗ്ദൾ തീവ്രവാദികൾ രോഷൻബിയോടും മകനോടും വീടിനു പുറത്തിറങ്ങരുതെന്ന് ആജ്ഞാപിച്ചിരുന്നതായി ഇവരുടെ ബന്ധു അസ്്‌ലം സെയ്ദ് പറയുന്നു. എന്നാൽ കാലികളെ മേയ്ക്കാനായി ഇരുവരും പുറത്തിറങ്ങിയപ്പോഴാണ് ബജ്‌റംഗ്ദൾ ആക്രമണം അഴിച്ചു വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. അമ്മയും മകനും ആക്രമിക്കപ്പെടുന്നത് കണ്ട പാൽവിൽപ്പനക്കാരനായ ഭർവാഡ് സമുദായക്കാരൻ ഉടൻ ഇടപെട്ട് ഇരുവരേയും രക്ഷിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കുയായിരുന്നെന്നും അസ്്‌ലം പറഞ്ഞു.
രോഷ്‌നിബീവിയേയും മകനേയും അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കിയിരിക്കുകയാണ്. ഇവരുടെ ബോധം തെളിഞ്ഞാൽ മൊഴി എടുക്കുമെന്നും ശേഷം ആക്രമികൾക്കെതിരെ കേസെടുക്കുമെന്നും ആശുപത്രിയിലുള്ള പോലീസ് അറിയിച്ചു.
ഇപ്പോൾ ആക്രമം നടത്തിയ ഇതേ സംഘം പ്രദേശത്ത് ഏതാനും മാസങ്ങളായി പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇവരെല്ലാം ബജ്‌റംഗ്ദൾ പ്രവർത്തകരാണെന്നും ഇവിടത്തുകാരനായ സാമുഹ്യ പ്രവർത്തകൻ ശരീഫ് മാലിക് പറയുന്നു.