കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ സൂത്രധാരനായ മുഖ്യ പ്രതി പിടിയിൽ. താനൂർ സ്വദേശി ഇസ്ഹാഖ് (33) ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് 15 പ്രതികളെ മലപ്പുറം, നിലമ്പൂർ, തിരൂർ, മണ്ണാർക്കാട്, മൈസൂരു എന്നിവിടങ്ങളിൽ നിന്നും പിടികൂടിയിരുന്നു.
കേസിൽ 15 പേർ പിടിയിലായതറിഞ്ഞ് ഇസ്ഹാഖ് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോട്ടക്കലിൽ രണ്ട് വർഷം മുമ്പ് ഓട്ടോയിൽ കടത്തുകയായിരുന്ന മൂന്ന് കോടിയുടെ കുഴൽപണം കവർച്ച ചെയ്തതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കവർച്ച ചെയ്ത സംഭവത്തിലടക്കം കേസിലെ പ്രതിയാണ് ഇയാൾ.
സംഘം കവർച്ചക്കായി വന്ന മൂന്ന് ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തുടർച്ചയായി സമാന രീതിയിലുള്ള കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതിനാൽ ഇവർക്കെതിരെ കാപ്പയുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിൽ കരിപ്പൂർ ഇൻസ്പെക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ്, താനൂർ എസ്.ഐ ശ്രീജിത്ത്, പ്രത്യേക അന്വേഷണ സംഘങ്ങളായ സത്യനാഥൻ മനാട്ട്, പ്രമോദ് ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണൻ, സഞ്ജീവ്, രതീഷ്, ജിനീഷ്, ആൽബിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.