Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാ പിതാവിന്റെ റോപ്‌വേ പൊളിച്ചു തുടങ്ങി

നിലമ്പൂര്‍-അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എംഎല്‍എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുള്‍ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ്‌വേ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്നു തദേശ സ്ഥാപനങ്ങളുടെ ഓംബുഡ്സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ്‌വേ പൊളിക്കുന്നത്.

1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ടു തവണ റോപ്‌വേ പൊളിക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ച വരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നു പിഴ ഈടാക്കുമെന്നു ഓംബുഡ്സ്മാന്‍ കര്‍ശന നിലപാടെടുത്തതോടെയാണ് റോപ്‌വേ പൊളിക്കാന്‍ പഞ്ചായത്ത് തയാറായത്. റോപ് വേ പൊളിക്കാന്‍ പല തവണ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും അബ്ദുള്‍ ലത്തീഫ് തയാറായിരുന്നില്ല. ഓംബുഡ്സ്മാന്‍ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം തേടി ഇദ്ദേഹം പഞ്ചായത്തിനു കത്ത് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ നേരത്തെ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തടയണയും റോപ്‌വേയും ഉള്‍പ്പെടുന്ന സ്ഥലം എംഎല്‍എ ഭാര്യാ പിതാവിന്റെ പേരിലേക്കു മാറ്റിയത്. തുടര്‍ന്നു ഭാര്യാപിതാവ് സി.കെ അബ്ദുള്‍ ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നു റസ്റ്ററന്റ് കം ലോഡ്ജിംഗ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മിക്കുകയായിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. റോപ്‌വേ പണിയാന്‍ സൗകര്യം ചെയ്തു കൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്നത്തെ തദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. ഇതോടെയാണ് 2018ല്‍ തദേശ  സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നു ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വേയും.

 

 

Latest News